തിരുവനന്തപുരം: കൊട്ടാരക്കര മുൻ എംഎൽഎയും സിപിഎം നേതാവുമായ ഐഷാ പോറ്റി കോൺഗ്രസിൽ ചേർന്നു. കേന്ദ്ര സർക്കാരിനെതിരെ കോൺഗ്രസ് ലോക്ഭവനു മുന്നിൽ നടത്തുന്ന രാപ്പകൽ സമരപ്പന്തലിലെത്തിയ ഐഷാ പോറ്റിയെ എഐസിസി ജനറൽ സെക്രട്ടറിമാരായ കെ.സി.വേണുഗോപാൽ, ദീപാദാസ് മുൻഷി എന്നിവർ ചേർന്ന് ഷാൾ അണിയിച്ചു സ്വീകരിച്ചു.

കൊട്ടാരക്കരയിൽനിന്നു മൂന്നു തവണ എംഎൽഎയായ ഐഷാ പോറ്റി 3 പതിറ്റാണ്ടു നീണ്ട സിപിഎം ബന്ധം അവസാനിപ്പിച്ചാണ് കോൺഗ്രസിൽ എത്തുന്നത്. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിൽനിന്ന് ഐഷാ പോറ്റി അംഗത്വം സ്വീകരിച്ചു. കോൺഗ്രസ് കുടുംബത്തിലേക്ക് ഐഷാ പോറ്റിയെ സ്വാഗതം ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു.


സിപിഎം കൊട്ടാരക്കര ഏരിയ കമ്മിറ്റിയിൽനിന്നു കഴിഞ്ഞ വർഷം ഐഷാ പോറ്റിയെ ഒഴിവാക്കിയിരുന്നു. പ്രതിപക്ഷ നേതാവുമായി നടത്തിയ ചർച്ചയിലാണ് കോൺഗ്രസ് പ്രവേശനം സംബന്ധിച്ചു ധാരണയായത്. നിയമസഭാ തിരഞ്ഞെടുപ്പിൽ കൊട്ടാരക്കരയിൽ ഐഷാ പോറ്റി മത്സരിക്കുമെന്നും സൂചനയുണ്ട്.























