തൃശൂർ: നാളെ തുടങ്ങുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ പ്രധാന വേദി സന്ദർശിച്ച് തൃശൂർ എംപിയും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. കലോത്സവ ഒരുക്കം വിലയിരുത്തുകയും ഊട്ടുപുര സന്ദർശിക്കുകയും ചെയ്തു. താമരയുടെ ചിത്രം ഉൾപ്പെടുത്തിയ മുണ്ട് ധരിച്ചാണ് സുരേഷ് ഗോപി വന്നത്.

2026ലെ തൃശൂർ പൂരത്തിന്റെ കർട്ടൻ റെയ്സറായിരിക്കും കലോത്സവമെന്ന് സുരേഷ് ഗോപി മാധ്യമങ്ങളോട് പ്രതികരിച്ചു. പൂരം ഏറ്റെടുക്കുന്നതുപോലെ ലോകം മുഴുവൻ കലോത്സവവും ഏറ്റെടുക്കും. ക്ലാസിക് കലകളും മിമിക്രിയും കാണാനായി കാത്തിരിക്കുകയാണെന്നും എംപി പറഞ്ഞു. കലോത്സവ വേദികൾക്ക് നൽകിയ പേരിൽ നിന്ന് താമര ഒഴിവാക്കിയ സംഭവത്തിൽ സുരേഷ് ഗോപി പ്രതികരിച്ചു. എല്ലാത്തിലും രാഷ്ട്രീയം കാണുന്നതാണ് പ്രശ്നം. രാഷ്ട്രം എന്ന് വിചാരിച്ചാൽ മതി. താമര കണ്ടാൽ ആർക്കെങ്കിലും അസ്വസ്ഥത തോന്നുമോ? താമരയിൽ എങ്ങനെയാണ് രാഷ്ട്രീയം കാണാൻ കഴിയുന്നത്. സംഘാടകരെ ആരെങ്കിലും പറ്റിച്ചതാകാനാണ് സാധ്യത. കലയിൽ രാഷ്ട്രീയം കാണേണ്ട കാര്യമില്ല. താമര പൂജാപുഷ്പമാണ്. കുളത്തിൽ താമര വിരിഞ്ഞു നിൽക്കുന്നത് കാണുമ്പോൾ ആരെങ്കിലും പെട്രോളൊഴിച്ച് കത്തിക്കുമോ? എന്നും സുരേഷ് ഗോപി ചോദിച്ചു. കലോത്സവേദിക്ക് പുഷ്പങ്ങളുടെ പേര് നൽകിയതിൽ താമരയുടെ പേര് ഇല്ലാതിരുന്നതിൽ ബിജെപി പ്രതിഷേധിച്ചിരുന്നു. താമര രാഷ്ട്രീയ പാർട്ടിയുടെ ചിഹ്നമായതിനാൽ വിവാദം വേണ്ടെന്ന് കരുതി ഒഴിവാക്കിയതാണെന്നായിരുന്നു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ വിശദീകരണം. എന്നാൽ പിന്നീട് ഡാലിയയുടെ പേര് ഒഴിവാക്കി പതിനഞ്ചാം നമ്പർ വേദിക്ക് താമര എന്ന് പേരിടാൻ തീരുമാനിച്ചു.


64ാ-മത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് നാളെയാണ് തിരിതെളിയുക. 25 വേദികളിലായി മത്സരങ്ങൾ നടക്കും. നാല് ദിവസങ്ങളിലായി നടക്കുന്ന കലോത്സവത്തിൽ പതിനായിരത്തോളം വിദ്യാർത്ഥികൾ പങ്കെടുക്കും. നാളെ രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന കലോത്സവം ഉദ്ഘാടനം ചെയ്യും.























