അടൂർ: മൂന്നാമത്തെ ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ വീട്ടിൽ പരിശോധന നടത്തി എസ്‌ഐടി. ലാപ്‌ടോപിന് വേണ്ടിയായിരുന്നു അടൂരിലെ വീട്ടിലെ പരിശോധന. പത്ത് മിനിറ്റ് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുമായി പൊലീസ് ഇന്ന് തെളിവെടുപ്പ് നടത്തിയിരുന്നു. യുവതിയെ പീഡിപ്പിച്ച തിരുവല്ലയിലെ ഹോട്ടലിൽ എത്തിച്ചായിരുന്നു തെളിവെടുപ്പ്. വിദേശത്തുള്ള അതിജീവിതയുടെ രഹസ്യമൊഴി രേഖപ്പെടുത്താനുള്ള നീക്കം അന്വേഷണസംഘം ആരംഭിച്ചു. പാസ്‌വേർഡ് നൽകാത്തതിനാൽ, രാഹുലിന്റെ ഫോൺ സാങ്കേതിക സംവിധാനങ്ങളുപയോഗിച്ച് തുറന്ന് പരിശോധിക്കാനാണ് തീരുമാനം.

ഇന്നലെയുണ്ടായ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ പുലർച്ചെ അഞ്ചേ മുക്കാലോടെ അന്വേഷണ സംഘം രാഹുൽ മാങ്കൂട്ടത്തിലുമായി പത്തനംതിട്ട എ.ആർ ക്യാമ്പിൽ നിന്നുമിറങ്ങി. കനത്ത പൊലീസ് സുരക്ഷയിലായിരുന്നു തിരുവല്ലയിലേക്കുള്ള യാത്ര. ക്ലബ് സെവൻ ഹോട്ടലിലെ 408ാം നമ്പർ മുറിയിലായിരുന്നു തെളിവെടുപ്പ്. ഹോട്ടലിൽ എത്തിയതും മുറിയിൽ പോയതും രാഹുൽ സമ്മതിച്ചു. അതിജീവിതയുമായി സംസാരിക്കാനാണ് എത്തിയതെന്നാണ് രാഹുൽ തെളിവെടുപ്പിനിടെ പറഞ്ഞത്. പീഡിപ്പിച്ചെന്ന പരാതിയിൽ മറുപടി നൽകിയില്ല. രാഹുൽ ബിആർ എന്ന രജിസ്റ്ററിലെ പേര് നിർണായക തെളിവായി എസ്‌ഐടി കണ്ടെത്തിയിട്ടുണ്ട്.

























