പടിപൂജയ്ക്ക് 1.37 ലക്ഷം രൂപ, മറിച്ചു വിൽക്കുന്നത് പത്തിരട്ടി തുകയ്ക്ക് ; ശബരിമലയിലെ വഴിപാടുകളിൽ വ്യാപക ക്രമക്കേട്

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ അന്വേഷണം പുരോഗമിക്കെ ക്ഷേത്രവുമായി ബന്ധപ്പെട്ട് നിരവധി അഴിമതികളാണ് കണ്ടെത്തിയിരിക്കുന്നത്. ശബരിമലയിലെ വിശേഷാൽ ചടങ്ങായ ‘പടി പൂജ’ വഴിപാട് അനുവദിക്കുന്നതിൽ ഉൾപ്പെടെ അഴിമതിയും ക്രമക്കേടുകളും നടന്നിട്ടുണ്ടെന്നാണ് കണ്ടെത്തൽ. വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയുടെ ഇന്റലിജൻസ് വിഭാഗത്തിന്റെ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. വഴിപാടുകളുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡ് ജീവനക്കാരുടെ ഭാഗത്ത് നിന്ന് വഴിവിട്ട ഇടപെടലുകൾ ഉണ്ടായിട്ടുണ്ട്. ആചാരങ്ങളിൽ ഇടപെട്ട രീതികളിലും ക്രമക്കേണ്ടുണ്ടെന്നുമാണ് റിപ്പോർട്ട് പറയുന്നത്. ശബരിമലയിലെ 18 തരം പൂജകൾ, 39 തരം വഴിപാടുകൾ എന്നിവ പരാമർശിച്ചാണ് വിജിലൻസ് റിപ്പോർട്ട്. തിരുവിതാംകൂർ ദേവസ്വം ബോർഡ് ജീവനക്കാരുടെയും അവരുടെ ഏജന്റുമാരുടെയും ഒത്താശയോടെ ക്ഷേത്രവുമായി വ്യാപക ക്രമക്കേടുകൾ നടക്കുന്നു. ഇവ തടയാൻ സുസ്ഥിരവും കൃത്യവുമായ നടപടി സ്വീകരിക്കണം എന്നാണ് ഇന്റലിജൻസ് നൽകുന്ന മുന്നറിയിപ്പ്.

ക്ഷേത്രവുമായി ബന്ധപ്പെട്ട വിശേഷാൽ പൂജകളുടെ സ്ലോട്ടുകൾ ദേവസ്വം ബോർഡ് ജീവനക്കാരും, അവരുടെ ബിനാമികളും കൈക്കലാക്കുകയും, പിന്നീട് ഉയർന്ന തുക ഈടാക്കി ഭക്തർക്ക് വിൽക്കുകയും ചെയ്യുന്നു എന്നാണ് റിപ്പോർട്ട് പറയുന്നത്. പടിപൂജയാണ് ഇതിൽ പ്രധാനമായി പരാമർശിക്കുന്നത്. 1.37 ലക്ഷം രൂപയാണ് പടിപൂജയുടെ ഔദ്യോഗിക നിരക്ക്. എന്നാൽ പത്തിരട്ടി വരെ ഇടനിലക്കാർ അധികമായി ഈടാക്കുന്ന നിലയുണ്ട്. തട്ടിപ്പ് മറച്ചുവെക്കാൻ രേഖകളിൽ കൃത്രിമം കാണിക്കുന്ന നിലയും വ്യാപകമാണ്. വഴിപാടുകൾക്കും ചടങ്ങുകൾക്കും പണം നൽകിയ യഥാർത്ഥ ഭക്തരുടെ പേരുകൾ ടിഡിബി രേഖകളിൽ രേഖപ്പെടുത്തിയിട്ടില്ല. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ പടിപൂജ ബുക്ക് ചെയ്തവരിൽ പലരും ചടങ്ങ് നടത്തിയിട്ടില്ല. ഇത്തരം സ്ലോട്ടുകൾ മറിച്ചുവിൽക്കുകയായിരുന്നു എന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ‘തങ്ക അങ്കി ചാർത്ത്, അഷ്ടാഭിഷേകം, സഹസ്രകലശം, ഉദയാസ്തമയ പൂജ, പുഷ്പാഭിഷേകം, കലശാഭിഷേകം തുടങ്ങിയ വഴിപാടുകളിലും ഇത്തരത്തിൽ ക്രമക്കേടുകൾ ഉണ്ടായിട്ടുണ്ട്. തങ്ക അങ്കി ചാർത്ത്, അഷ്ടാഭിഷേകം എന്നിവയ്ക്ക് 2035 വരെയും, സഹസ്രകലശത്തിന് 2030 വരെയും സ്ലോട്ടുകൾ ഒഴിവില്ലെന്നിരിക്കെയാണ് ക്രമക്കേട് സംബന്ധിച്ച വിവരങ്ങൾ പുറത്തുവരുന്നത്. സന്നിധാനത്ത് മുറികൾ അനുവദിക്കുന്നതിലും വലിയ തോതിലുള്ള ക്രമക്കേടുകളുണ്ട്. ദേവസ്വം ഗാർഡുകളും സുരക്ഷാ ഉദ്യോഗസ്ഥരും വിഐപി ശൈലിയിലുള്ള ദർശനം സുഗമമാക്കുന്നതിന് സമ്പന്നരായ ഭക്തരിൽ നിന്ന് സാമ്പത്തിക സഹായം സ്വീകരിച്ചെന്നും റിപ്പോർട്ട് പറയുന്നു. ശബരിമലയിലെ താൽക്കാലിക നിയമനങ്ങളെക്കുറിച്ച് അന്വേഷണം നടത്തണമെന്നാണ് റിപ്പോർട്ടിലെ മറ്റൊരു ആവശ്യം. കഴിഞ്ഞ പത്ത് വർഷത്തിനിടെ നിരവധി താത്കാലിക നിയമനങ്ങൾ ശബരിമലയിൽ നടന്നിട്ടുണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. പ്രീമിയം താമസസൗകര്യം, ദർശനം, പൂജാ സ്ലോട്ടുകൾ എന്നിവ ക്രമീകരിച്ച് ട്രാവൽ ഓപ്പറേറ്റർമാരുടെ ഏജന്റുമാരായി ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ പ്രവർത്തിച്ചെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

ക്ഷേത്രത്തിലെ ആടിയ നെയ് വിൽപനയിലെ ക്രമക്കേടിന് സമാനമായി ക്ഷേത്രത്തിലെ പല ടെൻഡർ നടപടിക്രമങ്ങളിലും അഴിമതിയുണ്ടെന്ന് വിജിലൻസ് ഇന്റലിജൻസ് വിഭാഗത്തിന്റെ റിപ്പോർട്ട് പറയുന്നു. ദേവസ്വം ബോർഡിന്റെ അന്നദാനത്തെ കുറിച്ചും ഇന്റലിജൻസ് റിപ്പോർട്ട് ഗുരുതരമായ സംശയങ്ങൾ ഉയർത്തുന്നുണ്ട്. അന്നദാനത്തിന്റെ ഗുണഭോക്താക്കളുടെ എണ്ണത്തെക്കുറിച്ച് വ്യക്തമായ രേഖകൾ ഇല്ലെന്നാണ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്.