സിയ ഫാത്തിമയെ കലോത്സവത്തിൽ പങ്കെടുപ്പിച്ചതിന് നന്ദി പറഞ്ഞ് വിദ്യാർത്ഥികൾ; ‘കുഞ്ഞുങ്ങളേ, ഇത് ഞങ്ങളുടെ കടമ’യെന്ന് മന്ത്രി

തിരുവനന്തപുരം: കലോത്സവ ചട്ടം ഭേദഗതി ചെയ്തുകൊണ്ട് കാസർകോഡ് സ്വദേശിനിയായ സിയ ഫാത്തിമക്ക് കലോത്സവത്തിൽ പങ്കെടുക്കാൻ അവസരം നൽകിയതിൽ നന്ദി പറഞ്ഞ് സഹപാഠികൾ. പടന്ന എം.ആർ.വി.എച്ച്.എസ്സിലെ വിദ്യാർത്ഥികൾ മൈതാനത്ത് അണിനിരന്ന് ‘നന്ദി’ എന്ന് കുറിച്ചാണ് സ്നേഹപ്രകടനം നടത്തിയത്. കുഞ്ഞുങ്ങളേ, ഇത് ഞങ്ങളുടെ കടമ എന്നായിരുന്നു വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ പ്രതികരണം.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

കുഞ്ഞുങ്ങളേ, ഇത് ഞങ്ങളുടെ കടമ…

പടന്ന എം.ആർ.വി.എച്ച്.എസ്സിലെ പ്രിയ വിദ്യാർത്ഥികൾ ഒരൊറ്റ മനസ്സോടെ മൈതാനത്ത് അണിനിരന്ന് ‘നന്ദി’ എന്ന് കുറിച്ച ആ കാഴ്ച ഹൃദയത്തിൽ തൊട്ടു. അസുഖബാധിതയായി കഴിയുന്ന സഹപാഠി സിയ ഫാത്തിമയ്ക്ക് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഓൺലൈനായി പങ്കെടുക്കാൻ അവസരം നൽകിയതിനാണ് ഈ സ്നേഹപ്രകടനം എന്ന് അറിയുമ്പോൾ അതിലേറെ സന്തോഷം.

പ്രിയപ്പെട്ട കുട്ടികളേ, സർക്കാരിന് നന്ദി പറയേണ്ടതില്ല. ഓരോ വിദ്യാർത്ഥിക്കും തുല്യ അവസരം ഉറപ്പാക്കുക എന്നത്, ശാരീരികമായ അവശതകൾക്കിടയിലും തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാൻ അവർക്ക് വേദി ഒരുക്കുക എന്നത് ഈ സർക്കാരിന്റെ ഉത്തരവാദിത്തമാണ്. ആ കടമ നിറവേറ്റുക മാത്രമാണ് ഞങ്ങൾ ചെയ്തത്.

സിയ ഫാത്തിമയെ ചേർത്തുപിടിച്ച പടന്നയിലെ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും അഭിനന്ദനങ്ങൾ. സിയ മോൾക്ക് എല്ലാവിധ ആശംസകളും നേരുന്നു. നമുക്ക് മുന്നോട്ട് പോകാം, ആരെയും ഒഴിവാക്കാതെ, എല്ലാവരെയും കൂടെക്കൂട്ടി…

കലോത്സവ ചട്ടം ഭേദഗതി ചെയ്തുകൊണ്ടാണ് കാസർകോഡ് സ്വദേശിനിയായ സിയ ഫാത്തിമക്ക് കലോത്സവത്തിൽ പങ്കെടുക്കാൻ അവസരം നൽകിയത്. യാത്ര ചെയ്യാൻ ബുദ്ധിമുട്ട് നേരിട്ട സിയ ഫാത്തിമ തൃശൂരിൽ എത്തി മത്സരത്തിൽ പങ്കെടുക്കാൻ കഴിയില്ലെന്ന് ഉറപ്പായതോടെ തൻറെ അവസ്ഥ വ്യക്തമാക്കി മന്ത്രി ശിവൻകുട്ടിക്ക് കത്തെഴുതുകയായിരുന്നു. കത്ത് വായിച്ച മന്ത്രി സിയയ്ക്കായി പ്രത്യേക ഉത്തരവും ഇറക്കി. കാസർകോട്ടെ വീട്ടിലിരുന്ന് അറബിക് പോസ്റ്റർ നിർമ്മാണ മത്സരത്തിൽ പങ്കെടുത്ത സിയയ്ക്ക് എ ഗ്രേഡ് ലഭിച്ചു. വാസ്കു ലിറ്റിസ് എന്ന ഗുരുതര രോഗം ബാധിച്ച് ചികിത്സയിലാണ് സിയ ഫാത്തിമ.