തിരുവനന്തപുരം: തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള അതിവേഗ യാത്രാ സൗകര്യം ഉറപ്പിക്കുന്ന ആർആർടിഎസിന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി ബജറ്റിൽ നൂറ് കോടി രൂപ അനുവദിക്കുന്നതായി ധനമന്ത്രി കെ എൻ ബാലഗോപാൽ. തിരുവനന്തപുരം മുതൽ കാസർകോട് വരെ അതിവേഗ യാത്രാ സൗകര്യം അനിവാര്യമാണ്. ഡൽഹി- മീററ്റ് ആർആർടിഎസ് കോറിഡോർ മാതൃകയിൽ നാലുഘട്ടമായാണ് സംവിധാനം വിഭാവനം ചെയ്യുന്നതെന്നും ബജറ്റ് പ്രസംഗത്തിൽ ബാലഗോപാൽ പറഞ്ഞു.

കേന്ദ്ര നഗരകാര്യ മന്ത്രാലയം ഇതിന് പിന്തുണ അറിയിച്ചിട്ടുണ്ട്. തിരുവനന്തപുരം- തൃശൂർ വരെ ഒന്നാം ഘട്ടമായും തൃശൂർ- കോഴിക്കോട് രണ്ടാം ഘട്ടമായും കോഴിക്കോട്- കണ്ണൂർ മൂന്നാം ഘട്ടമായും കണ്ണൂർ- കാസർകോട് നാലാം ഘട്ടമായുമാണ് നിർമ്മാണം പൂർത്തിയാക്കുക. പൊതുവേ ഉയർന്ന തൂണുകളിൽ കൂടി പോകുന്നു എന്നതാണ് ഈ ഗതാഗതത്തിന്റെ പ്രത്യേകത. നഗര മെട്രോ പദ്ധതികളുമായി സംയോജിപ്പിക്കാൻ കഴിയും എന്നതാണ് മറ്റൊരു സവിശേഷത. ഇതിന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി ബജറ്റിൽ നൂറ് കോടി രൂപ അനുവദിക്കുന്നതായും ധനമന്ത്രി വ്യക്തമാക്കി.

























