പത്തനംതിട്ട: ശബരിമല ക്ഷേത്രത്തിലെ ആടിയ ശിഷ്ടം നെയ് വിൽപ്പന ക്രമേക്കേടിൽ, കൗണ്ടർ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ദേവസ്വം ബോർഡ് ജീവനക്കാരനെ അറസ്റ്റ് ചെയ്തു. ആലപ്പുഴ അരൂർ സ്വദേശി സുനിൽ കുമാർ പോറ്റിയാണ് പിടിയിലായത്. മണ്ഡല മകരവിളക്ക് മഹോത്സവ സമയത്തെ ശബരിമലയിൽ ആടിയ ശിഷ്ടം നെയ് വിൽപ്പന ചുമതലക്കാരൻ ആയിരുന്നു സുനിൽ കുമാർ. ചാലിയേക്കര ഭദ്രകാളി ക്ഷേത്രത്തിലെ കീഴ് ശാന്തിയായിരുന്ന സുനിലിനെ വിജിലൻസ് പത്തനംതിട്ട യൂണിറ്റാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

ശബരമലയിലെ ആടിയ ശിഷ്ടം നെയ്യ് ക്രമക്കേടിൽ 36 ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. അഭിഷേകത്തിന് ശേഷമുള്ള ആടിയ ശിഷ്ടം നെയ്യ് പായ്ക്കറ്റിലാക്കി വിൽപ്പന നടത്തിയിരുന്നു. ഇതിനായി ദേവസ്വം ബോർഡിന് കീഴിലെ ജീവനക്കാരെയാണ് ചുമതലപ്പെടുത്തിയത്. എന്നാൽ ലഭിച്ച മുഴുവൻ തുകയും ബോർഡിൽ അടയ്ക്കാതെ ജീവനക്കാർ സ്റ്റോക്കിൽ ക്രമക്കേട് നടത്തുകയായിരുന്നു. ഇതിലൂടെ ദേവസ്വം ബോർഡിന് 36,24,400 രൂപയുടെ സാമ്പത്തിക നഷ്ടം ഉണ്ടായെന്നാണ് കണക്കാക്കുന്നത്. ഇക്കഴിഞ്ഞ ജനുവരിയിലാണ് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് ക്രമക്കേട് അന്വേഷിക്കാൻ തുടങ്ങിയത്. കേരള ഹൈക്കോടതി പുറപ്പെടുവിച്ച നിരീക്ഷണങ്ങളുടെയും നിർദ്ദേശങ്ങളുടെയും അടിസ്ഥാനത്തിലായിരുന്നു നടപടി.

























