പ്രേമനൈരാശ്യം; ട്രെയിന് മുന്നിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ച് യുവാവ്; സാഹസികമായി രക്ഷിച്ച് എഎസ്ഐ

മുളന്തുരുത്തി (എറണാകുളം): പ്രണയനൈരാശ്യത്തെ തുടർന്ന് റെയിൽവേ ട്രാക്കിൽ ജീവനൊടുക്കാൻ ശ്രമിച്ച യുവാവിനെ സ്‌പെഷ്യൽ ബ്രാഞ്ച് എഎസ്‌ഐ സാഹസികമായി രക്ഷപ്പെടുത്തി. ഖത്തറിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ അസിസ്റ്റന്റ് മാനേജരായി ജോലിചെയ്തിരുന്ന 25 വയസ്സുകാരനായ പേരാമ്പ്ര സ്വദേശിയാണ് ആമ്പല്ലൂരിലെ റെയിൽവേ ട്രാക്കിൽ തീവണ്ടിക്കു മുന്നിൽ ചാടി ജീവനൊടുക്കാൻ തുനിഞ്ഞത്. പോലീസുദ്യോഗസ്ഥന്റെ സമയോചിത ഇടപെടലാണ് ഇയാളെ രക്ഷിച്ചത്. കാഞ്ഞിരമറ്റം സ്വദേശിയായ പെൺകുട്ടിയുമായി വർഷങ്ങളായി പ്രണയത്തിലായിരുന്നു. പ്രണയബന്ധത്തിൽനിന്ന് പെൺകുട്ടി പിന്മാറിയതോടെയാണ് ഇയാൾ ജീവനൊടുക്കാൻ ശ്രമിച്ചത്.

മൂന്നുദിവസം മുൻപ് യുവാവ് പെൺകുട്ടിയുടെ വീട്ടിലെത്തിയിരുന്നു. ഇയാളുടെ സാന്നിധ്യം ബുദ്ധിമുട്ടായതോടെ വീട്ടുകാർ വിവരം പോലീസിനെ അറിയിച്ചു. പിന്നാലെ പോലീസെത്തി യുവാവിനെ സംസാരിച്ച് അനുനയിപ്പിച്ച് നാട്ടിലേക്ക് വണ്ടി കയറ്റി വിട്ടു. വെള്ളിയാഴ്ച വീണ്ടും പെൺകുട്ടിയുടെ വീട്ടിലെത്തിയ യുവാവ് കൈയിലുണ്ടായിരുന്ന ചോക്ലേറ്റ് പായ്ക്കറ്റ് അവിടെ വലിച്ചെറിഞ്ഞ ശേഷം തിരിച്ചുപോയി. പന്തികേട് തോന്നിയ വീട്ടുകാർ ഉടൻതന്നെ മുളന്തുരുത്തി പോലീസിൽ വിവരമറിയിച്ചു. പിന്നാലെ മുളന്തുരുത്തിയിലെ സ്‌പെഷ്യൽ ബ്രാഞ്ച് എഎസ്‌ഐ ആർ. രജീഷ് യുവാവിനെ ഫോണിൽ ബന്ധപ്പെട്ടു. കോളെടുത്ത യുവാവ്, താൻ കാഞ്ഞിരമറ്റത്ത് റെയിൽവേ ട്രാക്കിലാണെന്നും ജീവിതം അവസാനിപ്പിക്കുകയാണ് എന്നും പറഞ്ഞു.

മുളന്തുരുത്തി-കാഞ്ഞിരമറ്റം റെയിൽവേ പാതയിലാണ് യുവാവെന്നു മനസ്സിലാക്കിയ രജീഷ് ഉടൻതന്നെ തന്റെ സ്വന്തം വാഹനത്തിൽ അങ്ങോട്ട് പാഞ്ഞു. മറ്റൊരു വാഹനത്തിൽ പോലീസ് സംഘവും എത്തി. തുടർന്ന് മേഖലയിൽ മുഴുവൻ പരിശോധന നടത്തിയെങ്കിലും യുവാവിനെ കണ്ടെത്താനായില്ല.പിന്മാറാൻ തയ്യാറാകാഞ്ഞ രജീഷ് കുറച്ചുദൂരംകൂടി മുന്നോട്ട് തിരച്ചിൽ നടത്താൻ തീരുമാനിച്ചു. അങ്ങനെയാണ് പച്ച സിഗ്നൽ തെളിഞ്ഞുനിൽക്കുന്ന ട്രാക്കിൽ യുവാവ് കൈയുംവിരിച്ച് നിൽക്കുന്നത് കണ്ടത്. സമയംകളയാതെ അവിടേക്ക് ഓടിയടുത്ത രജീഷ്, യുവാവിനെ ബലം പ്രയോഗിച്ച് ട്രാക്കിൽ നിന്നും തള്ളിമാറ്റി. തുടർന്ന് യുവാവിനെ പേരാമ്പ്രയിൽനിന്നും വന്ന വീട്ടുകാർക്കൊപ്പം തിരിച്ചുവിട്ടു.