കൽപ്പറ്റ: ഉരുൾ ദുരിത ബാധിതരുടെ പുനരധിവാസത്തിനായി കൽപ്പറ്റ എൽസ്റ്റൺ എസ്റ്റേറ്റിൽ സർക്കാർ ഒരുക്കിയ മാതൃക ടൗൺഷിപ്പിന്റെ ഒന്നാം ഘട്ട ഉദ്ഘാടനം ഇന്ന് രാവിലെ 11ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഗുണഭോക്താക്കൾക്ക് മുഖ്യമന്ത്രി പട്ടയം കൈമാറും. മന്ത്രി കെ. രാജൻ അധ്യക്ഷത വഹിക്കും.

ഉരുൾപൊട്ടലിൽ വീടും സ്ഥലവും പൂർണമായി നഷ്ടപ്പെട്ട ഒന്നാംഘട്ട പട്ടികയിലെ 178 കുടുംബങ്ങൾക്ക് വീട് കൈമാറും. ആയിരം ചതുരശ്രയടിയാണ് വിസ്തീർണം. ഏഴ് സെന്റിന്റെ പട്ടയം നൽകും. നിർമാണം തുടങ്ങി 320ാം ദിനമാണ് ആദ്യഘട്ടം പൂർത്തിയായത്. 2024 ജൂലൈ 29ന് രാത്രിയിലാണ് പുഞ്ചിരിമട്ടത്ത് ഉരുൾപൊട്ടി ഒരു ജനത ഒന്നാകെ ഒലിച്ചുപോയത്.


വയനാടിന്റെ ഭൂപ്രകൃതിക്കും കാലാവസ്ഥയ്ക്കും അനുയോജ്യമായ രീതിയിൽ വിവിധ സർക്കാർ സംവിധാനങ്ങളുടെയും ഏജൻസികളുടെയും തൊഴിലാളികളുടെയും ഏകോപിതമായ പ്രവർത്തനത്തിലൂടെയാണ് ടൗൺഷിപ്പ് യാഥാർഥ്യമാകുന്നത്. ആകെ 410 വീടുകളും അനുബന്ധ സൗകര്യങ്ങളും വിഭാവനം ചെയ്തിട്ടുള്ള ടൗൺഷിപ്പിന്റെ ഒന്നാംഘട്ടത്തിൽ 178 വീടുകളാണ് പൂർത്തിയായത്. ദുരന്തത്തിൽ പൂർണമായും വീട് നഷ്ടമായ കുടുംബങ്ങൾക്കാണ് ആദ്യ ഘട്ടത്തിൽ വീടുകൾ നൽകുന്നത്. പ്രകൃതി ദുരന്തങ്ങൾ അതിജീവിക്കാൻ സാധിക്കും വിധം 1000 ചതുരശ്രയടിയിൽ ഒറ്റ നിലയിൽ പണിത കെട്ടിടങ്ങൾ ഭാവിയിൽ ഇരു നില നിർമ്മിക്കാനുള്ള അടിത്തറയോടെയാണ് തയ്യാറാക്കിയിരിക്കുന്നത്. ടൗൺഷിപ്പിൽ ഒരുങ്ങുന്ന 410 വീടുകളിലായി 1662 ലധികം ആളുകൾക്കാണ് തണലൊരുങ്ങുന്നത്. വീടുകൾക്ക് പുറമെ പൊതു റോഡ്, ആരോഗ്യ കേന്ദ്രം, അങ്കണവാടി, പൊതുമാർക്കറ്റ്, കമ്മ്യൂണിറ്റി സെന്ററുകൾ എന്നിവയും ഇതിന്റെ ഭാഗമായുണ്ടാവും. ആരോഗ്യ കേന്ദ്രത്തിൽ ലബോറട്ടറി, ഫാർമസി, പരിശോധന-വാക്സിനേഷൻ-ഒബ്സർവേഷൻ മുറികൾ, ഒപി, ടിക്കറ്റ് കൗണ്ടർ സൗകര്യങ്ങളും സജീകരിക്കും. പൊതു മാർക്കറ്റിൽ കടകൾ, സ്റ്റാളുകൾ, ഓപ്പൺ മാർക്കറ്റ്, കുട്ടികൾക്ക് കളി സ്ഥലം, പാർക്കിങ് എന്നിവ ഒരുക്കും. മർട്ടി പർപ്പസ് ഹാൾ, കളി സ്ഥലം, ലൈബ്രറി, സ്പോട്സ് ക്ലബ്ബ്, ഓപ്പൺ എയർ തിയേറ്റർ എന്നിവ കമ്മ്യൂണിറ്റി സെന്ററിൽ നിർമിക്കുന്നുണ്ട്.
ദുരന്തബാധിതരെ പുനരധിവസിപ്പിക്കാനായി ടൗൺഷിപ്പ് നിർമ്മിക്കാൻ കൽപ്പറ്റ വില്ലേജിലെ എൽസ്റ്റൺ എസ്റ്റേറ്റിലെ 64.4705 ഹെക്ടർ ഭൂമിയാണ് സർക്കാർ ഏറ്റെടുത്തത്. 2025 മാർച്ച് 27 ന് മുഖ്യമന്ത്രി പിണറായി വിജയൻ ടൗൺഷിപ്പിന് തറക്കല്ലിട്ടു.























