പുരുഷൻമാർക്കും ബസിൽ സൗജന്യം വേണം, കൊടുക്കുകയാണെങ്കിൽ എല്ലാവർക്കും കൊടുക്കുക : രാഹുൽ ഈശ്വർ

കൊച്ചി: കേരളത്തിൽ കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്നുണ്ടെങ്കിൽ പുരുഷൻമാർക്ക് കൂടി അനുവദിക്കണമെന്ന് രാഷ്ട്രീയ നിരീക്ഷകൻ രാഹുൽ ഈശ്വർ. കാശുള്ള സ്ത്രീകൾക്ക് കാശില്ലാതെ പോകാം. എന്നാൽ കാശില്ലാത്ത പുരുഷൻ അവിടെയും പെട്ട് പോകും എന്നതാണ് ഇതിന്റെ അപകടമെന്നും രാഹുൽ പറഞ്ഞു. കോൺഗ്രസ് അധികാരത്തിൽ വന്നാൽ കേരളത്തിലെ സ്ത്രീകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര ഏർപ്പെടുത്തുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം പ്രസംഗിച്ചിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു രാഹുൽ ഈശ്വർ.

കേരളം പോലുള്ള ഒരു സംസ്ഥാനത്ത് ഇത് എത്രത്തോളം ആവശ്യമാണ് എന്നതാണ് വലിയൊരു ചോദ്യം. ”നമ്മുടെ നാട്ടിലെ രാഷ്ട്രീയത്തിന്റെ ഒരു പരിപ്രേക്ഷ്യം അങ്ങനെയാണ്. സ്ത്രീകൾക്ക് കൊടുക്കുകയാണെങ്കിൽ അതിന് കൈയടിക്കാൻ മീഡിയയും പൊതുസമൂഹവുമൊക്കെയുണ്ടാകും. എത്രയോ പുരുഷൻമാർ അങ്ങനെ ബുദ്ധിമുട്ടും എന്നുള്ളത് യാഥാർഥ്യമാണ്. യാത്ര എല്ലാവരുടേയും അവകാശമല്ലേ? എനിക്കവരോട് അഭ്യർഥിക്കാനുള്ളത് പുരുഷൻമാർക്ക് കൂടി കൊടുക്കണം എന്നാണ്. പുരുഷൻമാരെ മാറ്റി നിർത്തുന്നത് എന്തിനാണ്. 50 വർഷം മുമ്പ് പെൺകുട്ടികൾ അങ്ങനെ പഠിക്കാൻ പോകില്ലായിരുന്നു. അന്ന് അങ്ങനെ കൊടുക്കേണ്ട ആവശ്യം ഉണ്ടായിരുന്നു. യാത്ര ചെയ്യേണ്ടതിന് അങ്ങനെ കണക്കാക്കേണ്ട കാര്യമില്ല. കേരളത്തിലെ ലെഫ്റ്റ് ലിബറൽ പൊളിറ്റിക്‌സിന്റെ ഭാഗമായിട്ടായിരിക്കണം അങ്ങനെയൊരു കാര്യം പറഞ്ഞത്. സ്ത്രീകൾക്ക് കൂടുതൽ കൊടുക്കുകയാണെങ്കിൽ അത് തെരഞ്ഞെടുപ്പിന് ഗുണം ചെയ്യും എന്നത് പഴയ ഒരു പ്ലേ ബുക്ക് ആണ്, രാഹുൽ ഈശ്വർ പറഞ്ഞു.

സ്ത്രീകളേക്കാൾ സമ്പത്ത് കുറഞ്ഞ ആളുകൾക്ക് കൊടുക്കണം എന്ന് ചിന്തിക്കണം എന്നല്ലേ. അതായത് മാസം അത്യാവശ്യം 20,000 രൂപ വരുമാനം ഉള്ള ഒരു സ്ത്രീയുണ്ടെന്നിരിക്കട്ടെ. അവർക്ക് സൗജന്യമായി യാത്ര ചെയ്യാം. മാസം 10,000 രൂപ വരുമാനമുള്ളത് പുരുഷനാണെങ്കിൽ അവർക്ക് യാത്ര ചെയ്യാൻ പറ്റില്ല എന്ന് പറയുന്ന സ്ഥിതിയില്ലേ. വർക്കിങ് ആയിട്ടുള്ള സ്ത്രീകൾക്ക് സൗജന്യമായി യാത്ര ചെയ്യാനുള്ള അവസരം നൽകുന്നത് ശരിയാണോ.

നമ്മുടെ നാട്ടിൽ സൗജന്യം കൊടുക്കുന്നതിന്റെ രാഷ്ട്രീയം പലപ്പോഴും സംഭവിക്കാറുണ്ട്. ഏറ്റവും കൂടുതൽ ഇത്തരം കാര്യങ്ങൾ ചെയ്തത് ആംആദ്മി പാർട്ടി പോലുള്ളവരാണ്. ലെഫ്റ്റ് ഓഫ് സെന്റർ വെൽഫെയർ എക്കണോമിക്‌സിന്റെ ഭാഗമായി ചെയ്യുന്നതാണ്. ദീർഘകാലം അങ്ങനെയൊരു കാര്യം വന്നാൽ സംസ്ഥാനത്തിന്റെ സാമ്പത്തികാവസ്ഥയെ ബാധിക്കുമെന്ന കാര്യത്തിൽ സംശയമില്ല. ഇന്ത്യപോലെ ഒരുപാട് ദരിദ്ര നാരായണൻമാരുള്ള സ്ഥലത്ത് അത് ആവശ്യമാണ്. പലപ്പോഴും അതിന്റെ കൗതുകം ഇത് സ്ത്രീകൾക്കാണ് കിട്ടുന്നത്. സ്ത്രീകളാണ് ഏറ്റവും കൂടുതൽ സപ്പോർട്ട് ചെയ്യപ്പെടേണ്ടത് എന്ന തോന്നലിലായിരിക്കാം ഇങ്ങനെയൊരു പ്രഖ്യാപനം. ഇത്തരം പോളിസീസ് രാജ്യത്തെ സമ്പദ്ഘടനയും അഫോർഡബിലിറ്റി കൂടി നോക്കണമെന്നും രാഹുൽ പറഞ്ഞു.

ബസിന് ഇന്ധനം വേണം, ബസിന്റെ മെയിന്റൻസ് വേണം, കണ്ടക്ടർക്കും ഡ്രൈവർക്കും പണം കൊടുക്കണം ഇത്തരം കാര്യങ്ങൾ ഒക്കെയുണ്ടല്ലോ. പുരുഷൻമാരെ അവഗണിക്കേണ്ടതിന്റെ ആവശ്യമില്ല. കൊടുക്കുകയാണെങ്കിൽ എല്ലാവർക്കും കൊടുക്കുക. ഇൻസെന്റീവ് കൊടുത്തിട്ട് സ്ത്രീകളെക്കൊണ്ട് യാത്ര ചെയ്യേണ്ട ആവശ്യമില്ല. അല്ലെങ്കിൽ എന്തെങ്കിലും ഫ്രീ പാസുകൾ ഇഷ്യൂ ചെയ്യുക എന്നതാണ് ഒരു നിർദേശമെന്നും രാഹുൽ ഈശ്വർ പറഞ്ഞു.