തിരുവനന്തപുരം: മന്ത്രി കെ ബി ഗണേഷ് കുമാർ രാജിവെക്കില്ല. ഗണേഷ് കുമാർ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. കുടുംബ പ്രശ്നമാണെന്നും, ഭാര്യയ്ക്ക് പരാതിയില്ലെന്നും ഗണേഷ് മുഖ്യമന്ത്രിയെ അറിയിച്ചു. മന്ത്രിസഭായോഗത്തിൽ മന്ത്രി ഗണേഷ് കുമാർ പങ്കെടുത്തിരുന്നു. യോഗത്തിൽ ആരും ഗണേഷുമായി ബന്ധപ്പെട്ട വിവാദം ഉന്നയിച്ചില്ല. ഗണേഷ് മാപ്പു പറഞ്ഞതോടെ, പ്രശ്നം തീർന്നെന്ന ബിന്ദു മേനോന്റെ പ്രസ്താവനയോടെ വിവാദം അവസാനിച്ചുവെന്നാണ് ഇടതുമുന്നണി നേതൃത്വത്തിന്റെ വിലയിരുത്തൽ. മന്ത്രിസഭായോഗത്തിന് ശേഷമാണ് ഗണേഷ് കുമാർ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടത്. ഏതു സാഹചര്യത്തിലാണ് 112 ൽ ഭാര്യ വിളിച്ചപ്പോൾ വീട്ടിൽ പൊലീസ് എത്തിയതെന്നും, എങ്ങനെയാണ് പൊലീസ് മടങ്ങിപ്പോകാനുണ്ടായ സാഹചര്യം എന്നും ഗണേഷ് കുമാർ മുഖ്യമന്ത്രിയെ ധരിപ്പിച്ചു. കുടുംബപ്രശ്നമാണെന്ന് ഭാര്യ ബിന്ദു പറഞ്ഞപ്പോഴാണ് പൊലീസ് മടങ്ങിപ്പോയതെന്നും ഗണേഷ് കുമാർ അറിയിച്ചുവെന്നാണ് വിവരം. തുടർന്നാണ് രാജി വേണ്ടെന്ന് മുഖ്യമന്ത്രി അനുമാനത്തിലെത്തിയതെന്നാണ് റിപ്പോർട്ട്.

ബിന്ദുവിന്റെ വെളിപ്പെടുത്തലിനു പിന്നാലെ സംഭവം വിവാദമായതോടെ, മന്ത്രി ഗണേഷ് കുമാർ ഇന്നലെ ഇടതുമുന്നണി നേതാക്കളെ വിളിച്ച് തന്റെ നിലപാട് വിശദീകരിച്ചിരുന്നു. ഇതിനുശേഷമാണ് ബിന്ദുവിന്റെ സഹോദരിയെ വിളിച്ചത്. തുടർന്ന് ബിന്ദുമേനോനോട് സംസാരിച്ച ഗണേഷ് കുമാർ, സംഭവിച്ചതിലെല്ലാം ക്ഷമാപണം നടത്തി. തുടർന്നാണ് പരാതിയുമായി മുന്നോട്ടു പോകാനില്ലെന്നും, പ്രശ്നം അവസാനിച്ചെന്നും ബിന്ദു മേനോൻ അറിയിച്ചത്.

























