സുഹൃത്തുക്കളുടെ വക വെടിക്കെട്ട്, കൊച്ചിയിൽ പകച്ചുപോയ വധു ബോധംകെട്ടു വീണു

കൊച്ചി: വിവാഹദിനം ആഘോഷമാക്കാൻ സുഹൃത്തുക്കൾ ഒരുക്കിയ വെടിക്കെട്ടിന്റെ ആഘാതത്തിൽ വധു ബോധം കെട്ടുവീണു. ഞായറാഴ്ച വൈകിട്ട് കൊച്ചി മരടിലെ ഒരു ഓഡിറ്റോറിയത്തിൽ നടന്ന റിസപ്ഷനിടെയാണ് സംഭവം. കൂട്ടുകാർ പൊട്ടിച്ച ഗുണ്ടിന്റെ പ്രകമ്പനത്തിലും ശബ്ദത്തിലും പകച്ചുപോയ വധു പെട്ടെന്ന് ബോധരഹിതയായി വീഴുകയായിരുന്നു.

വൈറ്റില സ്വദേശിനിയായ വധുവും വരനും വേദിയിലേക്ക് എത്തിയതിനൊപ്പം ആയിരുന്നു വലിയ ശബ്ദത്തിൽ പടക്കം പൊട്ടിച്ചത്. അപ്രതീക്ഷിതമായി വലിയ ശബ്ദം കേട്ട യുവതി തളർന്നുവീഴുകയായിരുന്നു. വധുവിനെ ഉടൻ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. രാത്രി 7.30 ഓടെയാണ് വധുവിനെയും കൊണ്ട് വിവാഹ സംഘം ആശുപത്രിയിലെത്തിയത്.

അടിയന്തര ശുശ്രൂഷകൾ നൽകിയതോടെ ശാരീരിക അസ്വസ്ഥതകൾ മാറി യുവതി ബോധം വീണ്ടെടുത്തു. വൈകാതെ തന്നെ തിരികെ വിവാഹ ഹാളിലേക്ക് മടങ്ങി ചടങ്ങുകൾ പൂർത്തിയാക്കുകയായിരുന്നു.