സമുദായങ്ങളുടെ പിന്തുണ ഉറപ്പിക്കാൻ നീക്കം, വെള്ളാപ്പള്ളിയുമായി കൂടിക്കാഴ്ച നടത്തി ജി സുധാകരൻ

ആലപ്പുഴ: അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കുന്ന മുൻ സിപിഎം നേതാവ് ജി സുധാകരൻ വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തി. വെള്ളാപ്പള്ളി നടേശൻറെ കണിച്ചുകുളങ്ങരയിലെ വീട്ടിൽവെച്ചായിരുന്നു കൂടിക്കാഴ്ച. തെരഞ്ഞെടുപ്പിൽ പിന്തുണ തേടുന്നതിന് വേണ്ടിയാണ് ജി സുധാകരൻ വെള്ളാപ്പള്ളി നടേശനെ നേരിട്ടെത്തി കണ്ടത്. വെള്ളാപ്പള്ളിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ജി സുധാകരൻ പെരുന്നയിലും പോകും. എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുമായി കൂടിക്കാഴ്ച നടത്തും.

അതേസമയം സിപിഎമ്മിനോട് പിണങ്ങി അമ്പലപ്പുഴയിൽ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച ജി സുധാകരനെ പിന്തുണയ്ക്കാനൊരുങ്ങുകയാണ് യുഡിഎഫ്. എഐസിസി സംഘടനാ ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന്റെ മണ്ഡലത്തിൽ ഉൾപ്പെടുന്നതാണ് അമ്പലപ്പുഴ. ഇന്ന് കോൺഗ്രസ്‌ നേതാക്കൾ സ്ഥാനാർത്ഥി നിർണയം സംബന്ധിച്ച് യോഗം ചേരുന്നുണ്ടെന്നും ജി സുധാകരൻ മത്സരിച്ചാൽ വിജയ സാധ്യത ഉണ്ടാകുമോ തുടങ്ങിയ കാര്യങ്ങളൊക്കെ യോഗത്തിലാണ് ചർച്ച ചെയുകയെന്നുമാണ് കെ സി വേണുഗോപാൽ മാധ്യമങ്ങളോട് പ്രതികരിച്ചത്.