വി ഡി സതീശൻ നുണപറയുന്നതിന് നൊബേൽ സമ്മാനം കിട്ടാൻ പരിശ്രമിക്കുകയാണ്; എം വി ഗോവിന്ദൻ

കണ്ണൂർ: പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. രാവിലെ മുതൽ രാത്രി വരെ നുണ പറയുന്ന ഒരാളായി പ്രതിപക്ഷ നേതാവ് മാറിയിരിക്കുന്നുവെന്നും അതിനാൽ സതീശന്റെ ആരോപണങ്ങളിൽ മറുപടി പറയേണ്ടതില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു. നുണപറയുന്നതിന് നൊബേൽ സമ്മാനം കിട്ടാൻ പരിശ്രമിക്കുകയാണ്. ഓരോ ദിവസവും എട്ടോ ഒൻപതോ നുണകൾ വീതം അദ്ദേഹം പറയുന്നുണ്ടെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

കാരാട്ട് റസാഖുമായി ബന്ധപ്പെട്ട് വി ഡി സതീശൻ ഉന്നയിച്ച ആരോപണങ്ങളെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു എം വി ഗോവിന്ദന്റെ വിമർശനം. എൽഡിഎഫ് മൂന്നാം ടേമിലേക്കുള്ള യാത്രയിലാണെന്ന് എം വി ഗോവിന്ദൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു. അത് കേരളത്തിലെ എല്ലാവരും തന്നെ സമ്മതിക്കുന്ന കാര്യമാണ്. യുഡിഎഫിന്റെ പടല പിണക്കങ്ങൾ ഇപ്പോഴും അവസാനിച്ചിട്ടില്ല. ജനങ്ങൾക്ക് എല്ലാവിധ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിക്കൊടുത്ത സർക്കാരാണ് പത്ത് കൊല്ലമായി ഭരിക്കുന്നത്. വർഗീയത പറയാൻ മാത്രമാണ് പ്രതിപക്ഷ പാർട്ടികൾക്ക് സാധിക്കുന്നത്. ഇവിടെ നടക്കുന്ന ഒരു വികസനത്തേയും പിന്തുണയ്ക്കില്ലെന്ന് പ്രഖ്യാപിച്ചവരാണ് യുഡിഎഫെന്നും എം വി ഗോവിന്ദൻ വിമർശിച്ചു.