കൊട്ടിക്കലാശത്തിന് കൊടിയിറങ്ങി; ഇനി നിശബ്ദപ്രചാരണം

കൊച്ചി: സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണം അവസാനിച്ചു. ഇനി നിശബ്ദപ്രചാരണമാണ്. മറ്റന്നാൾ കേരളം പോളിങ് ബൂത്തിലെത്തും. ഒരു മാസത്തില്‍ താഴെ മാത്രം നിന്ന പരസ്യപ്രചാരണത്തിന് വൈകുന്നേരം ആറുമണിയോടെയാണ് തിരശീല വീണത്. നാടും നഗരവും നിറഞ്ഞ കൊട്ടിക്കലാശത്തിന്റെ ആവേശം വാനോളം. എല്‍ഡിഎഫ് തുടര്‍ഭരണം സ്വപ്നം കാണുമ്പോള്‍ പത്ത് വര്‍ഷത്തിന് ശേഷം അധികാരത്തിലേക്ക് മടങ്ങിവരുമെന്ന ഉറച്ച് വിശ്വസത്തിലാണ് യുഡിഎഫ്. താമര വിരിയിച്ച് അധികാരത്തില്‍ നിര്‍ണായക പങ്കുവഹിക്കാമെന്ന പ്രതീക്ഷയിലാണ് ബിജെപി.

സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലും പ്രവര്‍ത്തകരിലും ആവേശം നിറയ്ക്കുന്നതായിരുന്നു കൊട്ടിക്കലാശം. പാര്‍ട്ടി പതാകകളുമായി എന്‍ഡിഎഫ്, യുഡിഎഫ്, എന്‍ഡിഎ പ്രവര്‍ത്തകര്‍ നഗരവീഥികളിലേക്ക് ഒത്തുകൂടിയതോടെ കൊട്ടിക്കലാശം പൂര്‍ണമായി കളര്‍ഫുള്‍ ആയി.

കൊട്ടിക്കലാശത്തിന് മാറ്റുകൂട്ടാന്‍ തൃശൂരില്‍ പുലികളും റോബോട്ടിക് ആനയും ഇറങ്ങി. അതിനിടെ, ആവേശം അതിരുവിട്ടപ്പോള്‍ ചിലയിടത്ത് പാര്‍ട്ടികളുടെ പ്രവര്‍ത്തകര്‍ തമ്മില്‍ ചെറിയ തോതില്‍ ഏറ്റുമുട്ടലും ഉണ്ടായി.

വൈകിട്ട് ആറിന് ശേഷം പൊതു ഇടങ്ങളില്‍ പരസ്യ പ്രചരണം പാടില്ല. പ്രചരണം ലക്ഷ്യമാക്കിയുള്ള കലാപരിപാടികളും അനുവദിക്കില്ല. മാധ്യമങ്ങളിലെ പരസ്യങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി വേണം . പ്രചരണത്തിനായി പുറത്തു നിന്ന് എത്തിയവര്‍ അതത് മണ്ഡലങ്ങള്‍ വിട്ടുപോകണം എന്നിവയാണ് നിര്‍ദേശങ്ങള്‍. സംസ്ഥാനത്തെങ്ങും സുരക്ഷയും കര്‍ശനമാക്കി. പൊലീസിനെയും ഒപ്പം കേന്ദ്രസേനയെയും വിന്യസിച്ചിട്ടുണ്ട്. വ്യാഴാഴ്ച കേരളം നിര്‍ണായകമായ തെരഞ്ഞെടുപ്പില്‍ വിധിയെഴുതും.