ബെംഗളൂരു: പാലക്കാട് സ്വദേശിയായ പത്താം ക്ലാസ് വിദ്യാർഥിനിയെ ചിക്കമംഗളൂരു മാണിക്കധാര വെള്ളച്ചാട്ടത്തിനു സമീപം കാണാതായതായി പരാതി. കടമ്പഴിപ്പുറം കൂത്തറ വീട്ടിൽ രമേഷിന്റെയും രോഹിണിയുടെയും മകൾ ശ്രീനന്ദയെ (15) ബാബാബുധാൻഗിരിയിലെ മാണിക്കധാര വെള്ളച്ചാട്ടത്തിന്റെ വ്യൂ പോയിന്റിൽ നിന്നാണു കാണാതായത്. കുടുംബാംഗങ്ങൾ ഉൾപ്പെടെ 40 പേരടങ്ങുന്ന സംഘത്തിനൊപ്പം വിനോദയാത്രയ്ക്ക് എത്തിയതായിരുന്നു. ചൊവ്വാഴ്ച വൈകിട്ട് 5.30നാണു കാണാതായത്.

യാത്രാ സംഘം സ്വന്തം നിലയ്ക്ക് തിരച്ചിൽ നടത്തിയ ശേഷം രാത്രി എട്ടരയോടെ പൊലീസ് ഔട്ട്പോസ്റ്റിൽ വിവരമറിയിച്ചു. തുടർന്ന് പൊലീസും വനംവകുപ്പും ദുരന്തനിവാരണ സേനയും ചേർന്ന് തിരച്ചിൽ നടത്തുന്നുണ്ട്. ഡ്രോൺ ക്യാമറകൾ ഉപയോഗിച്ചും തിരച്ചിൽ നടത്തുന്നുണ്ട്. പശ്ചിമഘട്ട മലനിരകളിലെ ബാബാബുധാൻഗിരിക്കു സമീപമാണ് മാണിക്യധാര. ഇവിടം നിബിഡ വനമേഖലയല്ലെന്നും തിരക്കേറിയ വിനോദസഞ്ചാര കേന്ദ്രമാണെന്നും എസ്പി ജിതേന്ദ്ര കുമാർ ദയാമ പറഞ്ഞു. പശ്ചിമഘട്ടത്തിലെ തന്നെ കുടക് തഡിയൻഡമോൾ കുന്നുകളിൽ ട്രെക്കിങ്ങിനിടെ കഴിഞ്ഞ 2ന് വഴിതെറ്റിയതിനെ തുടർന്ന് കുടുങ്ങിയ നാദാപുരം ഇയ്യങ്കോട് സ്വദേശിനി ശരണ്യയെ വനമേഖലയിൽ നിന്ന് 5ന് രക്ഷപ്പെടുത്തിയിരുന്നു.

























