പാലക്കാട്: വിനോദ യാത്രയ്ക്കിടെ ചിക്കമഗളൂരുവില്‍ മാണിക്കധാര വെള്ളച്ചാട്ടത്തിന്റെ വ്യൂ പോയിന്റിനു സമീപം കാണാതാവുകയും പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്ത ശ്രീനന്ദയ്ക്ക് (14) നാടിന്റെ യാത്രാമൊഴി. ഇന്ന് രാവിലെയാണ് കുട്ടിയുടെ മൃതദേഹം പാലക്കാട് കടമ്പഴിപ്പുറം കൊല്ലിയാനി കൂത്തറ വീട്ടില്‍ എത്തിച്ചത്. ശ്രീനന്ദയെ അവസാനമായി കണ്ട് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ നാടൊന്നാകെ വീട്ടിലേക്ക് ഒഴുകിയെത്തി. ഐവര്‍മഠം ശ്മശാനത്തിലാണ് കുട്ടിയുടെ മൃതദേഹം സംസ്കരിച്ചത്.

ശ്രീനന്ദയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും അന്വേഷിക്കണമെന്നും ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു ബന്ധുക്കള്‍. ആദ്യം തിരച്ചില്‍ നടത്തിയ സ്ഥലത്ത് നിന്ന് മൃതദേഹം കണ്ടെത്തിയില്ല. മൂന്ന് ദിവസം അതേ സ്ഥലത്ത് തന്നെയാണ് തിരച്ചില്‍ നടത്തിയത്. പിന്നെങ്ങനെയാണ് നാലാം ദിവസം അതേ സ്ഥലത്ത് മൃതദേഹം കണ്ടെത്തിയതെന്നാണ് ബന്ധുക്കളുടെ ചോദ്യം.

























