തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചവ്യാധികൾ പടരുന്നു. ഡെങ്കിപ്പനി, എലിപ്പനി, ഷിഗെല്ല തുടങ്ങിയ രോഗബാധയിൽ വൻ വർധനവാണ് സംസ്ഥാനത്ത് ഉണ്ടായതെന്ന് ആരോഗ്യ വകുപ്പിന്റെ കണക്കുകൾ. ഈ വർഷം ജൂൺ 11 വരെ സംസ്ഥാനത്ത് 114 പേർക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. മൂന്നു ജില്ലകളിലാണ് ഇതുവരെ രോഗം കണ്ടെത്തിയിട്ടുള്ളത്. കഴിഞ്ഞ വർഷം ജൂൺ 11 വരെ 54 പേർക്ക് മാത്രമായിരുന്നു ഷിഗെല്ല സ്ഥിരീകരിച്ചിരുന്നത്. ഈ വർഷം ഷിഗെല്ല ബാധിച്ച് രണ്ടു മരണവും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കുട്ടികളിൽ വളരെ വേഗം പടരാൻ സാധ്യതയുള്ള രോഗമാണ്. മലിനമായ ജലവും മോശമായ ഭക്ഷണവുമാണ് രോഗം പകരാനുള്ള പ്രധാന മാർഗമെന്ന് ആരോഗ്യ വകുപ്പ് വിദഗ്ധർ ചൂണ്ടിക്കാട്ടി. മഴക്കാല പൂർവ ശുചീകരണം പലയിടത്തും സമയബന്ധിതമായി പൂർത്തീകരിക്കാതിരുന്നതും കുടിവെള്ള സ്രോതസ്സുകൾ മലിനമാകാൻ കാരണമായതായി വിലയിരുത്തപ്പെടുന്നു.

ആശങ്കയായി ഉയരുന്ന മറ്റൊരു രോഗബാധയാണ് അമീബിക് മസ്തിഷ്ക ജ്വരം. കഴിഞ്ഞ വർഷം ജൂൺ 11 വരെ എട്ടു കേസുകൾ മാത്രമാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിരുന്നത്. എന്നാൽ വർഷത്തിന്റെ അവസാനത്തോടെ 201 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇക്കൊല്ലം ജൂൺ 11 വരെ 133 അമീബിക് മസ്തിഷ്ക ജ്വര കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 33 പേരാണ് ഇതുവരെ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചിട്ടുള്ളത്. ഡെങ്കിപ്പനി കേസുകൾ പ്രതിദിനം 130 എന്ന തോതിലാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. പനി ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണവും വർധിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ സൂചിപ്പിക്കുന്നു. 13,000 ന് മുകളിലാണ് നിലവിൽ പനി ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണം. സംസ്ഥാനത്ത് ആറു മാസത്തിനിടെ പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 153 ആണ്. രോഗ പ്രതിരോധത്തിനൊപ്പം, രോഗവ്യാപനം തടയാനുള്ള നടപടികളും ആരോഗ്യവകുപ്പ് സ്വീകരിച്ചിട്ടുണ്ട്. അക്യൂട്ട് എൻസഫലൈറ്റിസ് സിൻഡ്രോം (AES) അഥവാ തലയിൽ നീർക്കെട്ടുമായി വരുന്ന രോഗബാധിതരുടെ എണ്ണവും വർധിച്ചിട്ടുണ്ട്. 2023 ൽ സംസ്ഥാനത്ത് 56 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. എന്നാൽ 2025 ൽ 172 ആയി. 2026 ൽ ഇതുവരെ 62 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിൽ തലച്ചോറിൽ നീർക്കെട്ടുമായി വരുന്ന രോഗികളെ നിപ പരിശോധന കൂടി നടത്താൻ ആരോഗ്യ വകുപ്പ് അധികൃതർ നിർദേശിച്ചിട്ടുണ്ട്. എഇഎസ് മൂലം ഈ വർഷം 13 പേരാണ് സംസ്ഥാനത്ത് മരിച്ചിട്ടുള്ളത്. മഞ്ഞപ്പിത്തം ബാധിച്ച് 25 പേരും എലിപ്പനി ബാധിച്ച് 22 പേരും മരിച്ചിട്ടുണ്ട്.





















