കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പിലെ തോൽവിയിൽ പ്രതികരണവുമായി സിപിഎം നേതാവും മുൻമന്ത്രിയുമായ പി രാജീവ്. എൽഡിഎഫിന്റെ മുദ്രാവാക്യം പാളിയെന്ന് രാജീവ് പറയുന്നു. പ്രചാരണത്തിൽ പാർട്ടി ഉയർത്തിയ ‘എൽഎഡിഎഫ് അല്ലാതെ മറ്റാരുണ്ട്’ എന്ന മുദ്രാവാക്യം ശരിയായില്ലെന്ന് പാർട്ടി വിലയിരുത്തിയിട്ടുണ്ട്. മുദ്രാവാക്യം വിപരീത ഫലമുണ്ടാക്കി. ജനങ്ങൾക്കിടയിൽ മറ്റൊരു ബോധമാണ് ആ മുദ്രാവാക്യം സൃഷ്ടിച്ചതെന്നും പി രാജീവ് പറഞ്ഞു. മലപ്പുറത്ത് സംഘടിപ്പിച്ച ഇഎംഎസ് അനുസ്മരണ പരിപാടിയിൽ സംസാരിക്കുമ്പോഴായിരുന്നു പി രാജീവിന്റെ തുറന്നുപറച്ചിൽ. വികസന പ്രവർത്തനങ്ങൾ നടത്തിയത് കൊണ്ട് വലിയ പ്രശ്‌നങ്ങളില്ലാതെ മറികടക്കും എന്നാണ് പാർട്ടി കരുതിയത്. വർഗ്ഗ ബഹുജന സംഘടനകൾ സ്വതന്ത്രപരമായിരിക്കണം എന്നത് രേഖകളിൽ മാത്രം വിശ്രമിക്കുകയാണെന്നും പി രാജീവ് പറഞ്ഞു.

ഇന്നലകളുടെ തനിയാവർത്തനങ്ങൾക്കൊണ്ട് ഇന്നത്തെ പ്രശ്നങ്ങളെ അഭിസംബോധന ചെയ്യാനാവില്ല. അതിന് പുതിയ സമരമുറകൾ ആവശ്യമാണ്. ഇന്നിനെ മനസ്സിലാക്കണം. അതിന് പറ്റുന്ന രൂപങ്ങൾ ആവിഷ്‌കരിക്കണം. ഇന്നിന് പറ്റുന്ന പാർട്ടിയായി മാറണം. എങ്കിൽ മാത്രമേ ഈ പ്രതിസന്ധി ഘട്ടത്തെ മറികടക്കാൻ കഴിയൂവെന്നും രാജീവ് പറഞ്ഞു. വെള്ളാപ്പള്ളി നടേശന്റെ വിഷയത്തിൽ ശക്തമായ നിലപാട് സ്വീകരിക്കുന്നതിൽ പാർട്ടിക്ക് വീഴ്ചപറ്റിയിട്ടുണ്ട് എന്ന് നേരത്തെ തന്നെ വിലയിരുത്തിയിട്ടുണ്ട്. നേരത്തെ തന്നെ ശക്തമായ നിലപാട് സ്വീകരിക്കേണ്ടതായിരുന്നു. ശബരിമല സ്വർണ്ണക്കൊള്ളയിൽ നടപടിയെടുത്ത് പോകണമായിരുന്നു പാർട്ടിയുടെ സംഘടനാ സാങ്കേതികത്വങ്ങൾ അല്ല നോക്കേണ്ടിയിരുന്നത്. ഭാവിയിൽ ഇത്തരം കാര്യങ്ങളിൽ എങ്ങനെ ഇടപെടണമെന്ന് ധാരണയുണ്ടാക്കേണ്ടതുണ്ടെന്നും പി രാജീവ് കൂട്ടിച്ചേർത്തു.

























