തിരുവനന്തപുരം: ഷെയ്ൻ നിഗം നായകനായ ദൃഢം, ഭൂതകാലം എന്നീ സിനിമകൾ തന്റെ കഥകൾ മോഷ്ട്ടിച്ചുണ്ടാക്കിയതാണെന്ന ആരോപണവുമായി തിരുവനന്തപുരത്തെ ബിജെപി കൗൺസിലറും മുൻ ഐപിഎസ് ഉദ്യോഗസ്ഥയുമായ ആർ ശ്രീലേഖ. താൻ കുറേ നാളുകൾക്ക് മുൻപ് മാതൃഭൂമി ആഴ്ച പതിപ്പിൽ പ്രസിദ്ധീകരിച്ച ‘ കരിങ്കുടി പൊലീസ് സ്റ്റേഷൻ’ എന്ന ചെറുകഥ മോഷ്ടിച്ചതാണ് ദൃഢത്തിന്റെ മൂലകഥ എന്ന് പറഞ്ഞാൽ ഒരു തെറ്റുമില്ലെന്ന് ശ്രീലേഖ പറയുന്നു. തന്റെ യൂട്യൂബ് ചാനലിൽ ശ്രവ്യകഥയായി ഇത് അവതരിപ്പിച്ചതിന്റെ ലിങ്കും ശ്രീലേഖ പങ്കുവച്ചിട്ടുണ്ട്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് പ്രതികരണം.

തന്റെ ചാനലിൽ മൂന്ന് വർഷം മുൻപ് പറഞ്ഞ ഒരു അനുഭവ കഥയുടെ മോഷണമാണ് ‘ഭൂതകാലം’ എന്ന സിനിമയെന്നും അവർ പറയുന്നു. തലക്കെട്ടിലെ സാമ്യവും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ‘ഭൂത ഭവനം’ എന്നായിരുന്നു ഞാൻ ആ കഥക്കിട്ട പേര് – അവർ ചൂണ്ടിക്കാട്ടി.


കുറിപ്പിന്റെ പൂർണരൂപം:
‘ദൃഢം’ (Dridam) എന്ന സിനിമ കണ്ടു. പൊലീസ് കഥയായത് കൊണ്ടും കാണാൻ അവസരം കിട്ടിയതുകൊണ്ടും വളരെ യാദൃശ്ചികമായി കണ്ടതാണ്. ഞാൻ കുറെ വർഷങ്ങൾക്കു മുൻപ് എഴുതി മാതൃഭൂമി ആഴ്ച പതിപ്പിൽ പ്രസിദ്ധീകരിച്ച ‘കരിങ്കുടി പോലീസ് സ്റ്റേഷൻ’ എന്ന ചെറുകഥ മോഷ്ടിച്ചതാണ് ഇതിലെ മൂല കഥ എന്ന് പറഞ്ഞാൽ ഒരു തെറ്റുമില്ല.
ഈ കഥ ഞാൻ എന്റെ യൂട്യൂബ് ചാനലിൽ ശ്രവണകഥയായി അവതരിപ്പിച്ചിട്ടുണ്ട്. കഥ വായിച്ചിട്ടില്ലാത്തവർക്കായി link താഴെ കൊടുക്കുന്നു. എന്റെ ചാനലിൽ 3 വർഷം മുൻപ് പറഞ്ഞ ഒരു അനുഭവ കഥയുടെ മോഷണമാണ് ‘ഭൂതകാലം’ എന്ന പല അവാർഡുകളും കിട്ടിയ സിനിമ. തലക്കെട്ടിലും സാമ്യം. ‘ഭൂത ഭവനം’ എന്നായിരുന്നു ഞാൻ ആ കഥക്കിട്ട പേര്. അത് കൂടി കണ്ടു നോക്കൂ. ഈ രണ്ടു സിനിമകളും തമ്മിൽ മറ്റൊരു കണക്ഷൻ ഉണ്ട്. രണ്ടിലെയും നായകൻ ‘ഷെയിൻ നിഗം’ ആണ്! ഈ മോനെ എനിക്ക് പറവ എന്ന സിനിമ കണ്ടപ്പോൾ മുതൽ ഇഷ്ടവുമാണ്. കാരണം എന്നോടൊപ്പം ജോലി ചെയ്തിരുന്ന, ഞാൻ ഒരു കുഞ്ഞു സഹോദരനായി കണ്ടിരുന്ന ഒരു പൊലീസുദ്യോഗസ്ഥനെ പോലെ തന്നെയാണ് ഈ താരവും കാണാൻ. പ്രത്യേകിച്ച് ദൃഡം എന്ന സിനിമയിൽ, പൊലീസ് വേഷത്തിൽ.
എനിക്ക് വീട്ടിലെ കോശ്ശേരി മാവിന്റെ തൈയ്യും ഇടയ്ക്കിടെ ശുദ്ധമായ തേനും, നെയ്യും ഒക്കെ സമ്മാനിച്ചിരുന്ന മുഹമ്മദ് എന്ന പൊലീസുദ്യോഗസ്ഥനാണ് കക്ഷി.























