കൊച്ചി: നടി അൻസിബ ഹസന്റെ പരാതിയിൽ, ടിനി ടോമിന്റെ മൊഴിയെടുത്ത് കടവന്ത്ര പൊലീസ്. അൻസിബ മതം മാറ്റാൻ ശ്രമിച്ചെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് ടിനി ടോം മൊഴി നൽകിയതായാണ് വിവരം. വ്യക്തി വൈരാഗ്യത്തെ തുടർന്നുള്ള പരാതിയാണെന്നും ടിനി ടോം ആരോപിക്കുന്നു. അൻസിബയുടെ പരാതി അടിസ്ഥാനരഹിതമെന്ന് ടിനി ടോമിന്റെ മൊഴി.

ഒരു സ്റ്റേജ് ഷോയ്ക്കിടയിൽ നീനാ കുറുപ്പുമായി തർക്കം ഉണ്ടായി. ഇതിന് പിന്നാലെയാണ് അൻസിബ പരാതി ഉന്നയിച്ചത് – ടിനി ടോം പറയുന്നു. കേസിൽ അന്വേഷണ റിപ്പോർട്ട് ഉടൻ സമർപ്പിക്കും. നേരത്തെ, അമ്മ പ്രസിഡന്റ് ശ്വേതാ മേനോന്റെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. ടിനി ടോം വർഗീയ അധിക്ഷേപം നടത്തിയതിനെക്കുറിച്ച് അറിയില്ലെന്നാണ് ശ്വേതയുടെ മൊഴി. അൻസിബ മതം മാറ്റാൻ ശ്രമിച്ചുവെന്ന് ടിനി പറഞ്ഞത് ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും ശ്വേത മൊഴി നൽകി. പരാതിയിൽ കഴിഞ്ഞദിവസം നീനാ കുറുപ്പിന്റെ മൊഴിയെടുത്തിരുന്നു.


ഈ മാസം ഒന്നാം തിയതിയാണ് ടിനി ടോമിനെതിരെ അൻസിബ പരാതി നൽകിയത്. തനിക്കെതിരെ വർഗീയ പരാമർശങ്ങളടക്കം നടത്തിയെന്ന് പരാതിയിൽ പറയുന്നു.തുടർച്ചയായി ടിനി സൈബർ അധിക്ഷേപം നടത്തുന്നുവെന്നും,തന്റെ കുടുംബത്തെയും ടിനി വേട്ടയാടുന്നു. ടിനിയുടെത് സ്ത്രീത്വത്തെ അപമാനിക്കുന്ന പെരുമാറ്റമാണെന്നും അൻസിബയുടെ പരാതിയിലുണ്ട്.























