‘കഫ് സിറപ്പ് വാങ്ങാൻ ഇനി ഡോക്ടറുടെ കുറിപ്പടി നിർബന്ധം’; കേന്ദ്ര വിജ്ഞാപനം പുറത്തിറക്കി

ന്യൂഡൽഹി: രാജ്യത്ത് കഫ് സിറപ്പുകൾ വാങ്ങുന്നതിന് ഡോക്ടറുടെ കുറിപ്പടി നിർബന്ധമാക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം. മെഡിക്കൽ സ്റ്റോറുകളിൽ നിന്ന് ഇനി നേരിട്ട് സിറപ്പുകൾ വാങ്ങാൻ കഴിയില്ല. കഫ് സിറപ്പുകൾ ഉൾപ്പടെ എല്ലാ സിറപ്പുകൾക്കും കേന്ദ്ര ആരോഗ്യമന്ത്രാലത്തിൻറെ ഉത്തരവ് ബാധകമാണ്. മെഡിക്കൽ സ്റ്റോറുകളുടെ കൗണ്ടറിൽ നിന്ന് സിറപ്പിന്റെ പേര് പറഞ്ഞ് നേരിട്ട് വാങ്ങുന്നത് നിയമവിരുദ്ധമായി കണക്കാകുമെന്നാണ് ഉത്തരവ്. വ്യാജ സിറപ്പ് കഴിച്ച് മധ്യപ്രദേശിലെയും രാജസ്ഥാനിലെയും നിരവധി കുട്ടികൾ മരിച്ചതിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം കർശന നടപടി സ്വീകരിച്ചത്.

കഫ് സിറപ്പുകളുടെ സുരക്ഷിത ഉപയോഗവും പൊതുജനങ്ങളുടെ ആരോഗ്യവും ലക്ഷ്യമിട്ടാണ് പുതിയ നടപടി. രാജ്യവ്യാപകമായി പരാതികൾ ഉയ‍ർന്നതിന്റെ അടിസ്ഥാനത്തിലാണ് സിറപ്പുകൾ വാങ്ങുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തിയത്. മധ്യപ്ര‌ദേശിൽ ഇരുപത്തോളം കുട്ടികൾ വ്യാജ സിറപ്പുകൾ കുടിച്ച് മരിച്ചിരുന്നു. ഈ സംഭവത്തിന്റെ അടിസ്ഥാനത്തിൽ കുട്ടികൾക്ക് നൽകുന്ന സിറപ്പുകൾക്ക് നിലവിൽ എല്ലാ സംസ്ഥാനങ്ങളിലും ഈ നിയമം നിലനിൽക്കുന്നുണ്ട്. 1945 ലെ ഡ്ര​ഗ് റൂൾസിലെ അ‍ഞ്ചാമത്തെ അമൻമെന്റായിട്ടാണ് ഈ ഭേദ​ഗതി ഇപ്പോൾ കൊണ്ടുവരുന്നത്. ഇതോടെ, കഫ് സിറപ്പുകൾ നേരിട്ട് ഫാർമസികളിൽനിന്ന് വാങ്ങുന്നതിന് പകരം ഡോക്ടർ നൽകുന്ന കുറിപ്പടി ഹാജരാക്കിയാൽ മാത്രമേ ലഭിക്കൂ.