സിഎംആർഎൽ – എക്സാലോജിക് കേസ്; വീണ ഇഡിക്ക് മുന്നിൽ ഹാജരായി

കൊച്ചി: സിഎംആർഎൽ – എക്‌സാലോജിക് മാസപ്പടി കേസിൽ പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ മകൾ വീണ ടി ഇ.ഡിയ്ക്ക് മുന്നിൽ. കൊച്ചിയിലെ ഇ.ഡി ഓഫീസിൽ ഹാജരായി. ഭർത്താവും എംഎൽഎയുമായ മുഹമ്മദ് റിയാസിനൊപ്പമാണ് വീണ ഇ ഡി ഓഫീസിൽ എത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ച ഹാജരാവാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും ആരോഗ്യപ്രശ്‌നത്തെ തുടർന്ന് എത്തിയില്ല. എസ്എഫ്‌ഐഒ റിപ്പോർട്ടിന്റെ വിവരങ്ങളും, റെയ്ഡിൽ പിടിച്ചെടുത്ത രേഖകളുടെയും അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ. 2016 മുതൽ 2020, 21 വരെയുള്ള കാലയളവിൽ രണ്ട് കോടി എഴുപത്തി എട്ട് ലക്ഷത്തി ആയിരം രൂപ വീണയക്കും കമ്പനിയക്കുമായി കരിമണൽ കമ്പനിയിൽ നിന്ന് ഐടി സേവനങ്ങൾക്ക് എന്നപേരിൽ നൽകിയിട്ടുണ്ട്. എന്നാൽ, എക്‌സാലോജിക് കമ്പനി കരിമണൽ കമ്പനിയ്ക്കായി പ്രത്യേക സേവനങ്ങളൊന്നും ചെയ്തില്ലെന്നാണ് ആദ്യം അന്വേഷണം നടത്തിയ എസ്എഫ്‌ഐഒ കണ്ടെത്തൽ.

സിഎംആർഎൽ എംഡി ശശിധരൻ കർത്തയുടെ ഭാര്യ ജയ കർത്ത മകൻ ശരൺ എസ് കർത്ത എന്നിവർ ഇന്നലെ ഹാജരായിരുന്നു. ശശിധരൻ കർത്തയുടെ മകൾ ഷിബി എസ് കർത്തയെയും കഴിഞ്ഞ ദിവസം ഇഡി ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് ഭാര്യയെയും മകനെയും ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. സിഎംആർഎൽ കമ്പനിയുടെ മാനേജിംഗ് ഡയറക്ടറാണ് ശരൻ എസ് കർത്ത. സിഎംആർഎൽ, എംപവർ ക്യാപ്പിറ്റൽ ഇൻവെസ്റ്റ്‌മെന്റ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനങ്ങളുടെ ഡയറക്ടറാണ് ജയ് എസ് കർത്ത.

പിഎംഎൽഎ ആക്ട് 50 പ്രകരമാണ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. എസ്എഫ്‌ഐഒ കണ്ടെത്തലുകളും, ഇ ഡി ശേഖരിച്ച വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ് ഇരുവരുടെയും ചോദ്യം ചെയ്യൽ. സിഎംആർഎല്ലിന് എക്‌സാലോജിക് നൽകിയിട്ടുള്ള സേവനങ്ങളെ കുറിച്ചാണ് പ്രധാനമായും ചോദിച്ചറിയുക.