കൊച്ചി: വിവാഹത്തിനു ശേഷവും ഭാര്യ മറ്റൊരാളുമായി ബന്ധം തുടർന്ന് തന്റെ വ്യക്തി ജീവിതം തകർത്തുവെന്ന് ആരോപിച്ച കേസ് കൊടുത്ത ഭർത്താവിന് നഷ്ടപരിഹാരം അനുവദിച്ച് കുടുംബക്കോടതി വിധി. ഭാര്യയും ബന്ധുക്കളും സുഹൃത്തും 15 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നാണ് പത്തനംതിട്ട കുടുംബക്കോടതി വിധിച്ചത്. എറണാകുളം മരട് സ്വദേശിയാണ് കോടതിയെ സമീപിച്ചത്. വിവാഹബന്ധത്തിൽ വിള്ളൽ വീഴ്ത്തുന്ന മൂന്നാം കക്ഷിക്കെതിരെ കോടതിയെ സമീപിക്കാമെന്ന സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണു കോടതി നടപടി. വിവാഹ സമയത്തു വരന്റെ കുടുംബം നൽകിയ 32 ഗ്രാം സ്വർണാഭരണമോ നിലവിലെ വിപണിമൂല്യമോ 6% പലിശ സഹിതം ഭാര്യ തിരികെ നൽകണമെന്നും ജഡ്ജി ഡോണി തോമസ് വർഗീസ് നിർദേശിച്ചു. ഹർജിക്കാരന്റെയും യുവതിയുടെയും രണ്ടാം വിവാഹമായിരുന്നു.

എന്നാൽ വിവാഹശേഷവും മറ്റൊരാളുമായുള്ള ബന്ധം യുവതി തുടർന്നുവെന്നും വിവാഹത്തിന് മുന്നേയും വിവാഹത്തിന് ശേഷവും ഗർഭഛിദ്രത്തിന് വിധേയയായെന്നും ഹർജിക്കാരൻ പരാതിയിൽ പറഞ്ഞിരുന്നു. വഞ്ചന, മാനസിക പീഡനം, കുടുംബത്തിന്റെ അന്തസ്സ് കെടുത്തൽ എന്നിവയ്ക്കുള്ള പൊതു നഷ്ടപരിഹാരമായാണു ഹർജിക്കാരനു 15 ലക്ഷം രൂപ വിധിച്ചത്. ഹർജി നൽകിയ 2018 ജൂലൈ മുതൽ 6% പലിശയും നൽകണം. എതിർകക്ഷികളായ യുവതിയുടെ അമ്മ, സഹോദരന്മാർ, സുഹൃത്ത് എന്നിവരും നഷ്ടപരിഹാരം നൽകണം. യുവതിയുടെ അമ്മ, സഹോദരന്മാർ, സുഹൃത്ത് എന്നിവരുടെ സജീവ പങ്കാളിത്തവും ഗൂഢാലോചനയും ഹർജിക്കാരന്റെ വിവാഹ ജീവിതം തകർക്കുന്നതിൽ വലിയ പങ്കു വഹിച്ചതായി കോടതി കണ്ടെത്തി.
























