കൊച്ചി: തിരുവനന്തപുരം നെടുമങ്ങാട് ഒന്നരവയസുകാരന്റെ മരണത്തിൽ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. മുത്തശിയുടെ പരാതിയിൽ സർക്കാർ നേരത്തെ എന്തുകൊണ്ട് നടപടിയെടുത്തില്ലെന്ന് കോടതി ചോദിച്ചു. വനിതാ ശിശുവികസന വകുപ്പിനെ കേസിൽ കക്ഷിചേർത്തു. സംഭവത്തിൽ അന്വേഷണ ഉദ്യോഗസ്ഥൻ ഒരാഴ്ചയ്ക്കകം റിപ്പോർട്ട് നൽകണം. ചീഫ് ജസ്റ്റസ് അധ്യക്ഷനായ ബെഞ്ചാണ് വിഷയത്തിൽ സ്വമേധയാ കേസെടുത്തത്. കുട്ടിയുടെ മുത്തശിയുടെ ഒരു ഓഡിയോ ക്ലിപ്പ് പുറത്ത് വന്നിരുന്നു.

ചൈൽഡ് ലൈൻ പ്രവർത്തകരെ വിളിക്കുകയും സഹായമഭ്യർഥിക്കുകയും ചെയ്തത് ആ ഓഡിയോ ക്ലിപ്പിൽ വ്യക്തമായിരുന്നു. അതിൽ ഇടപെടൽ ഉണ്ടായിരുന്നില്ല. എന്തുകൊണ്ട് നടപടിയെടുത്തില്ല എന്ന ചോദ്യമാണ് കോടതിയും ഉന്നയിക്കുന്നത്. ഇതിന് പിന്നാലെയാണ് കേസെടുത്തത്. കുഞ്ഞിന്റെ നിസഹായവസ്ഥ റീന ഹെൽപ് ലൈനിൽ വിളിച്ച് അറിയിച്ചു. എന്നാൽ, കൃത്യമായ നടപടിയെടുക്കാൻ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് തയാറായില്ല.


മകന്റെ ഭാര്യയ്ക്ക് സുഹൃത്ത് അയച്ചുകൊടുത്ത ഫോട്ടോയാണെന്നും അത് മകൾ വാട്‌സ്ആപ്പ് സ്റ്റാറ്റസ് ഇട്ടിരിക്കുന്നത് കണ്ടെന്നും ഇവർ പറയുന്നുണ്ട്. കുഞ്ഞ് സൈക്കിളിൽ നിന്ന് വീണതാണെങ്കിൽ ശരീരത്തിൽ മറ്റ് ഭാഗത്ത് മുറിവുകളുണ്ടാകണം. എന്നാൽ ഫോട്ടോയിൽ മറ്റെവിടെയും മുറിവ് കാണുന്നില്ല. ആ കുഞ്ഞിനെ മകളുടെ ഭർത്താവ് ഉപദ്രവിച്ചുവെന്നാണ് കരുതുന്നത് എന്ന് റീന പറഞ്ഞു. എന്നാൽ ഇതെല്ലാം അറിഞ്ഞുകൊണ്ട് എന്തിനാണ് നിങ്ങൾ കുഞ്ഞിനെ അവരുടെ കൂടെ വിട്ടത്, ഷെൽട്ടറിലേക്ക് മാറ്റിക്കൂടായിരുന്നോ എന്നായിരുന്നു ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിലെ ഉദ്യോഗസ്ഥൻ തിരിച്ച് ചോദിച്ചത്. കുട്ടി വണ്ടിയിൽ നിന്ന് വീണതാകും, നിങ്ങൾ മകളെ വിളിച്ച് ചോദിക്കാത്തത് എന്താണ് എന്നും ഇയാൾ ചോദിക്കുന്നുണ്ട്. അഷ്‌കർ ഉപദ്രവിച്ചതാണെന്ന് സംശയമുണ്ടെന്നും റീന ഫോൺ സംഭാഷണത്തിൽ പറയുന്നുണ്ട്.






















