വി.ഡി. സതീശന്റെ നേതൃത്വത്തിലുളള സർക്കാരിന്റെ ആദ്യ ബജറ്റിൽ മലയാള സിനിമയ്ക്കു നൽകിയ പരിഗണനകൾക്ക് നന്ദി പറഞ്ഞ് നടൻ പൃഥ്വിരാജ്. ജെ.സി. ഡാനിയേലിന്റെ പേരിൽ കൊച്ചിയിൽ ഫിലിംസിറ്റി സ്ഥാപിക്കുമെന്നും സിനിമയെ വ്യവസായമാക്കുമെന്നുമുള്ള സർക്കാരിന്റെ പ്രഖ്യാപനം സന്തോഷവും അഭിമാനവും ആത്മവിശ്വാസവും നൽകുന്നുവെന്ന് പൃഥ്വിരാജ് പ്രതികരിച്ചു.

‘‘മലയാളസിനിമയുടെ സ്രഷ്ടാവ് എന്നുതന്നെ വിളിക്കാവുന്ന ശ്രീ.ജെ.സി.ഡാനിയേലിന്റെ പേരിൽ കൊച്ചിയിൽ ഫിലിംസിറ്റി സ്ഥാപിക്കുമെന്നും സിനിമയെ വ്യവസായമാക്കുമെന്നുമുള്ള സർക്കാരിന്റെ വാക്ക് ‘സെല്ലുലോയ്ഡി’നെ തൊട്ടുനിൽക്കുന്ന ഒരാളെന്നെ നിലയിൽ സന്തോഷവും അഭിമാനവും ആത്മവിശ്വാസവും നൽകുന്നു.


ആന്റി പൈറസി സെൽ രൂപവത്കരിക്കുമെന്ന പ്രഖ്യാപനമാണ് ശ്രദ്ധേയമായ മറ്റൊന്ന്. അത് സിനിമാമേഖലയ്ക്കൊരു രക്ഷാകവചമാകുമെന്ന് പ്രതീക്ഷിക്കാം. രാജ്യാന്തര ചലച്ചിത്രോത്സവത്തിന് സ്ഥിരം വേദിയെന്നതുൾപ്പെടെ സിനിമയ്ക്ക് നൽകിയ മറ്റ് സമ്മാനങ്ങളും വിലപ്പെട്ടതാണ്. സർക്കാരിനും മുഖ്യമന്ത്രി വി.ഡി.സതീശനും സിനിമാമന്ത്രി പി.സി.വിഷ്ണുനാഥിനും നന്ദി.’’–പൃഥ്വിരാജിന്റെ വാക്കുകൾ.
നേരത്തേ സർക്കാരിന്റെ പ്രഖ്യാപനത്തെ മോഹൻലാലും സ്വാഗതം ചെയ്തിരുന്നു.





















