തിരുവനന്തപുരം: തലസ്ഥാനത്ത് ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ നിലയിൽ. ആറ്റുകാൽ സ്വദേശിനി ആരതി (27) ആണ് മരിച്ചത്. ഭർതൃപീഡനത്തെത്തുടർന്നാണ് യുവതിയുടെ ആത്മഹത്യയെന്ന് ബന്ധുക്കൾ ആരോപിച്ചു. ഇന്നലെയായിരുന്നു സംഭവം. ഭർത്താവിന്റെ ക്രൂരമായ ശാരീരിക പീഡനമാണ് യുവതിയുടെ ആത്മഹത്യയ്ക്ക് കാരണമെന്ന ബന്ധുക്കളുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഭർത്താവ് ശാരീരികമായി ഉപദ്രവിച്ചതിന്റെ ചിത്രങ്ങൾ ആരതി പല തവണ തന്റെ അമ്മയ്ക്ക് വാട്‌സ്ആപ്പിലൂടെ അയച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് യുവതിയെ വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. ഭർത്താവ് വീട്ടിലുണ്ടായിരുന്ന സമയത്താണ് ആരതി ആത്മഹത്യ ചെയ്തതെന്നും ബന്ധുക്കൾ ആരോപിക്കുന്നു.


ഭർത്താവിനെതിരെ ഗാർഹിക പീഡനത്തിനും ആത്മഹത്യാ പ്രേരണയ്ക്കും അന്വേഷണം നടക്കുകയാണെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു. യുവതിയുടെ മരണത്തിന് കാരണക്കാരായവർക്കെതിരെ കർശന നടപടി വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.























