പോത്തുണ്ടി ഇരട്ടക്കൊലപാതകം; ജഡ്ജിക്ക് ആരോഗ്യ പ്രശ്‌നം, ശിക്ഷാവിധി ഇന്നുണ്ടാകില്ല

പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതക കേസിൽ പ്രതി ചെന്താമരയുടെ ശിക്ഷാവിധി ഇന്ന് ഉണ്ടാകില്ല. അഡീഷണൽ ജില്ലാ സെഷൻസ് കോടതി കേസിൽ ഇന്ന് വിധി പറയുമെന്നായിരുന്നു അറിയിച്ചിരുന്നത്. ജഡ്ജിയുടെ ആരോഗ്യ പ്രശ്‌നമാണ് വിധി പ്രസ്താവം നീട്ടിവെക്കാൻ കാരണം. ജൂലൈ 13നാകും കേസിൽ വിധി പറയുക. വിധി പ്രസ്താവം നീട്ടിയതോടെ കൊല്ലപ്പെട്ട സുധാകരന്റെ മക്കളും കോടതിയിലെത്തില്ല.

2025 ജനുവരി 27നാണ് പോത്തുണ്ടി സ്വദേശി സുധാകരനെയും അമ്മ ലക്ഷ്മിയെയും അയൽവാസി ചെന്താമര കൊലപ്പെടുത്തിയത്. സുധാകരന്റെ ഭാര്യ സജിതയെ കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങിയായിരുന്നു ഇരട്ടക്കൊലപാതകം. കുടുംബം തകരാൻ കാരണം സുധാകരനാണെന്ന സംശയമാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചത്. കൊലപാതകിക്ക് വധ ശിക്ഷ നൽകണമെന്ന് സുധാകരന്റെ മക്കൾ പ്രതികരിച്ചു.

സജിതയെ കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി ജാമ്യ വ്യവസ്ഥകൾ ലംഘിച്ചായിരുന്നു നെന്മാറയിലെ പോത്തുണ്ടിയിലേക്കെത്തിയത്. പൊലീസിനെ നാട്ടുകാർ വിവരം അറിയിച്ചിരുന്നെങ്കിലും ഇയാളെ അവിടെ നിന്ന് പിടികൂടാൻ തയ്യാറായിരുന്നില്ല. പിന്നാലെയാണ് 2025 ജനുവരി 27ന് ഇയാൾ കയ്യിലുണ്ടായിരുന്ന വാൾ ഉപയോഗിച്ച് സുധാകരനെ വെട്ടിക്കൊലപ്പെടുത്തുന്നത്. ഇത് കണ്ടാണ് സുധാകരന്റെ അമ്മ ലക്ഷ്മി അവിടേക്ക് ഓടിയെത്തുന്നത്. തുടർന്ന് വയോധികയെയും ഇയാൾ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ചെന്താമരയുടെ കുടുംബം പിരിഞ്ഞു പോകാൽ കാരണം സുധാകരനും കുടുംബവുമാണെന്ന സംശയമാണ് ഇയാളെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്. സുധാകരന്റെ ഭാര്യ സജിതയെ കൊലപ്പെടുത്തിയ കേസിൽ ഇയാൾക്ക് ഇരട്ട ജീവപര്യന്തമായിരുന്നു കോടതി വിധിച്ചിരുന്നത്. പിന്നാലെ നടത്തിയ ഇരട്ട കൊലപാതകത്തിൽ 82 സാക്ഷികളെയാണ് കോടതി വിസ്തരിച്ചത്. ഇതിൽ ചെന്താമരയുടെ ബന്ധുക്കളുമുണ്ടായിരുന്നു. സാക്ഷികളിൽ പലരും പൊലീസിന് നൽകിയ മൊഴി കോടതിയിൽ മാറ്റി പറയുന്ന സാഹചര്യവുമുണ്ടായിരുന്നു. എന്നിരുന്നാലും ചെന്താമരക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്നാണ് പ്രോസിക്യൂഷൻ പറയുന്നത്. എല്ലാ തെളിവുകളും സമർപ്പിച്ചിട്ടുണ്ടെന്ന വിശ്വാസവും പ്രോസിക്യൂഷൻ പ്രകടിപ്പിക്കുന്നു.

ചെന്താമരക്ക് കടുത്ത ശിക്ഷ തന്നെ നൽകണമെന്ന് സുധാകരന്റെ മക്കൾ ആവശ്യപ്പെട്ടിരുന്നു. ഇപ്പോഴും ഇയാൾ കോടതിയിൽ വിചാരണക്കെത്തുമ്പോൾ കൊലവിളി മുഴക്കാറുണ്ടെന്നും കടുത്ത ഭയം കാരണം വീടിന് പുറത്തിറങ്ങാൻ പോലും കഴിയുന്നില്ലെന്നുമാണ് കുട്ടികൾ പറയുന്നത്.