ഉസ്‌ബെക്കിസ്ഥാനിൽ മലയാളി വിദ്യാർത്ഥിനിയെ ലാപ്‌ടോപ്പ് കൊണ്ട് തലയ്ക്ക് അടിച്ചുകൊന്നു; സഹപാഠി മലപ്പുറം സ്വദേശി പിടിയിൽ

താഷ്‌കെന്റ് : ഉസ്‌ബെക്കിസ്ഥാനിൽ മലയാളി മെഡിക്കൽ വിദ്യാർത്ഥിനി കൊല്ലപ്പെട്ടു. ആലപ്പുഴ ഹരിപ്പാട് സ്വദേശിനി സാവരിയ (22) യാണ് കൊല്ലപ്പെട്ടത്. സഹപാഠി സാവരിയയെ ലാപ്‌ടോപ്പ് കൊണ്ട് തലയ്ക്ക് അടിച്ചു കൊലപ്പെടുത്തുകയായിരുന്നു എന്നാണ് വിവരം. സംഭവത്തിൽ സഹപാഠിയായ പെരിന്തൽമണ്ണ സ്വദേശി സദറുൾ അനം (22) പിടിയിലായി. ബുക്കാറ സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്‌സിറ്റി വിദ്യാർത്ഥികളാണ് രണ്ടുപേരും. നാലു ദിവസം മുമ്പാണ് കൊലപാതകം നടന്നതെന്നാണ് വിവരം ലഭിച്ചിട്ടുള്ളത്.

സാവരിയയുടെ മൃതദേഹം ന്യൂഡൽഹിയിലെത്തിച്ചിട്ടുണ്ട്. ഇന്നു വൈകീട്ടോടെ ഹരിപ്പാട് ഡാണാപ്പടിയിലെ വീട്ടിലെത്തിക്കും. സാവരിയയും സദറുൾ അനവും സുഹൃത്തുക്കളാണ്. മെഡിക്കൽ യൂണിവേഴ്‌സിറ്റിയിലെ മൂന്നാം വർഷ വിദ്യാർത്ഥിനിയാണ് സാവരിയ. പെൺകുട്ടിയുടെ പിതാവ് കുവൈറ്റിലാണ് ജോലി ചെയ്യുന്നത്. സാവരിയയും സുഹൃത്തായ സദറുൾ അനവും തമ്മിൽ വഴക്കുണ്ടാകുകയും, തുടർന്ന് ലാപ് ടോപ്പ് കൊണ്ട് പെൺകുട്ടിയുടെ തലയ്ക്ക് അടിക്കുകയുമായിരുന്നു. അടിയേറ്റ സാവരിയയുടെ തലച്ചോറിൽ രക്തസ്രാവം ഉണ്ടാകുകയും മരണം സംഭവിക്കുകയുമായിരുന്നു എന്നാണ് പ്രാഥമിക വിവരം.