നടി അനുപമ പരമേശ്വരൻ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചൊരു കുറിപ്പ് ആണ് ചർച്ചയാകുന്നത്. സമാധാനം സ്വയം കണ്ടെത്തിയെത്തിയെന്നും ഒരു പോസ്റ്റ് പങ്കുവയ്ക്കാൻ ഇനി തനിക്ക് ആരുടേയും അനുമതി വാങ്ങേണ്ടതില്ലെന്നും ഭയപ്പെടേണ്ടതില്ലെന്നും നടി പറയുന്നു. പ്രണയം തകർന്നോ അതോ മറ്റെന്തെങ്കിലും വലിയ വിഷമത്തിലാണോ എന്നൊക്കെയാണ് ആരാധകരുടെ ചോദ്യം.

‘‘ചിലപ്പോഴൊക്കെ സമാധാനം കണ്ടെത്താൻ, വഴിമുട്ടിയ ഇടങ്ങളെല്ലാം ഉപേക്ഷിക്കേണ്ടി വരും. ഇന്ന്, സമാധാനം എന്നെ തേടിയെത്തി. ഇന്നുമുതൽ, ഞാൻ എന്റെ ശബ്ദം തിരഞ്ഞെടുക്കുന്നു. എന്റെ ജീവിതം തിരഞ്ഞെടുക്കുന്നു. ഇനി ആരുടെയും അനുവാദങ്ങളില്ല, ഇനി ഭയമില്ല. ഞാൻ മാത്രം, എന്നിലേക്ക് തിരികെ വരുന്നു, എന്റേതാണെന്ന് ഞാൻ മറന്നുപോയ ജീവിതത്തോട് വീണ്ടും പ്രണയത്തിലായിക്കൊണ്ട്. ഒരുപാട് കാലമായി ഞാൻ പറയാൻ ആഗ്രഹിച്ച ഒരു കാര്യമുണ്ട്…ഒരുപാട് കാലം എനിക്ക് പറയാൻ അനുവാദമില്ലാതിരുന്ന ഒരു കാര്യം. നിങ്ങളെല്ലാവരെയും ഞാൻ സ്നേഹിക്കുന്നു.എന്നോടൊപ്പം നിന്നതിന്, എന്നിൽ വിശ്വസിച്ചതിന്, എന്റെ ജീവിതം ഇത്രയധികം സ്നേഹം കൊണ്ട് നിറച്ചതിന് നന്ദി. ഇത് ഞാൻ മുമ്പ് വേണ്ടത്ര പറഞ്ഞിട്ടില്ലെങ്കിലും, അത് എപ്പോഴും എന്റെ ഉള്ളിൽ അറിഞ്ഞിരുന്നു എന്ന് നിങ്ങൾ മനസ്സിലാക്കണം. ഓരോ സന്ദേശവും, ഓരോ പ്രാർഥനയും, ഓരോ തരി സ്നേഹവും എനിക്കേറ്റവും ആവശ്യമുള്ളപ്പോൾ എന്നിലേക്ക് എത്തി. പ്രപഞ്ചമേ, എന്നെ എന്നിലേക്ക് തന്നെ തിരികെ എത്തിച്ചതിന് നന്ദി.സൗഖ്യത്തിനായി!സ്വാതന്ത്ര്യത്തിനായി! എന്നെ ഞാൻ തിരഞ്ഞെടുത്തതിനായി! ഒടുവിൽ, പൂർണമായി, യാതൊരു സങ്കോചവുമില്ലാതെ എന്റേതായ ഒരു ജീവിതത്തിനായി!’’–അനുപമയുടെ വാക്കുകൾ.ഈ വിഡിയോ പോസ്റ്റിനു ശേഷം തന്റെ ചിത്രങ്ങൾ പങ്കുവച്ചൊരു കുറിപ്പും അനുപമ പങ്കുവയ്ക്കുക ഉണ്ടായി. ആ പോസ്റ്റിനും സമാനമായ അടിക്കുറിപ്പാണ് നടി നൽകിയത്. ‘‘ശ്ശോ!!!!!! ഫോട്ടോ പങ്കുവച്ചതിൽ ക്ഷമിക്കണം. അംഗീകാരങ്ങൾക്കോ, പാട്ട് തിരഞ്ഞെടുക്കലിനോ, മറ്റൊരാളുടെ അടിക്കുറിപ്പിനോ വേണ്ടി കാത്തിരിക്കേണ്ടതില്ലാത്തപ്പോൾ… പോസ്റ്റ് ചെയ്യുന്നത് കൂടുതൽ രസകരമാകും’’–അനുപമയുടെ വാക്കുകൾ.


മൃണാൾ ഠാക്കൂർ, പേർളി മാണി, രജിഷ വിജയൻ, രുക്മിണി വസന്ത് തുടങ്ങി നിരവധി പേരാണ് അനുപമക്ക് പിന്തുണയുമായി കമൻറിലെത്തിയത്. അനുപമയും നടൻ ധ്രുവ് വിക്രമും പ്രണയത്തിലാണെന്ന് ചില റിപ്പോർട്ടുകളുണ്ടായിരുന്നു. ആ ബന്ധത്തിലെ വിള്ളലുകൾ ആണോ എന്ന് വരെ ചിലർ കമന്റിൽ സംശയമുന്നയിക്കുന്നുണ്ട്. മാത്രമല്ല അനുപമയുടെ ഇൻസ്റ്റഗ്രാം ഫോളോ ലിസ്റ്റിൽ ധ്രുവ് വിക്രത്തിന്റെ അക്കൗണ്ട് കാണാതിരുന്നതും ഈ സംശയത്തിന് ആക്കം കൂട്ടുന്നു.























