പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതക കേസിൽ പ്രതി ചെന്താമരക്ക് കോടതി വധശിക്ഷ വിധിച്ചതിൽ വലിയ സന്തോഷവും ആശ്വാസവുമുണ്ടെന്ന് കേസിലെ പ്രധാന സാക്ഷിയായ പുഷ്പ. താൻ സംഭവസമയത്ത് സ്ഥലത്തില്ലാത്തതിനാലാണ് ജീവനോടെ രക്ഷപ്പെട്ടതെന്നും, പ്രതി ചെന്താമരയുടെ നിരന്തരമായ വധഭീഷണിയെ തുടർന്ന് തനിക്ക് ജന്മനാട്ടിൽ നിന്നും തിരുപ്പൂരിലേക്ക് താമസം മാറ്റേണ്ടി വന്നുവെന്നും അവർ വെളിപ്പെടുത്തി.ചെന്താമരക്ക് തൂക്കുകയർ തന്നെ നൽകിയാൽ മാത്രമേ തങ്ങൾക്കിനി നാട്ടിലേക്ക് തിരികെ വരാനാകുമായിരുന്നുള്ളൂവെന്ന് പുഷ്പ പറഞ്ഞു. തനിക്കും കൊല്ലപ്പെട്ട സുധാകരന്റെ മക്കൾ ഉൾപ്പെടെയുള്ള കുടുംബങ്ങൾക്കും നാട്ടിൽ സമാധാനമായി ജീവിക്കണമെങ്കിൽ ഇത്തരമൊരു കഠിനശിക്ഷ തന്നെ വേണമായിരുന്നു.

പ്രതി ചെന്താമരക്ക് വധശിക്ഷ നൽകിയുള്ള കോടതിയുടെ വിധിന്യായത്തിൽ കടുത്ത സന്തോഷമുണ്ടെന്നും നീതിന്യായ വ്യവസ്ഥയിൽ പൂർണ്ണ വിശ്വാസമുണ്ടായിരുന്നുവെന്നും കൊല്ലപ്പെട്ട സുധാകരന്റെ മക്കളും പ്രതികരിച്ചു. പാലക്കാട് ജില്ലയെ നടുക്കിയ നെന്മാറ ഇരട്ടക്കൊലപാതക കേസിൽ പ്രതി ചെന്താമരക്ക് തടവറയിൽ വെച്ചുള്ള വധശിക്ഷ വിധിച്ചുകൊണ്ട് ജില്ലാ സെഷൻസ് കോടതിയാണ് ഉത്തരവിറക്കിയത്.

























