കൊച്ചി: നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് കോക്രോച്ച് ജനതാപാർട്ടി (സിജെപി) ജന്തർ മന്തറിൽ നടത്തുന്ന പ്രക്ഷോഭത്തിന് പിന്തുണയുമായി കൊച്ചി മഹാരാജാസ് കോളജിൽ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത് പ്രമുഖ താരങ്ങളും സാംസ്കാരിക പ്രവർത്തകരും. നടൻ ജോജു ജോർജ്, സംവിധായകൻ ആഷിക് അബു, നടി ശാന്തി ബാലചന്ദ്രൻ, എഴുത്തുകാരൻ എൻ.എസ് മാധവൻ, കെ.ആർ മീര എന്നിവരും മഹാരാജാസിൽ പ്രതിഷേധക്കൂട്ടായ്മയുടെ ഭാഗമായി. പോസ്റ്ററുമായി നടി ഗൗരി കിഷനും പ്രതിഷേധത്തിൽ പങ്കെടുത്തു. ‘സമാധാനപരമായ ശബ്ദം കേൾക്കൂ, ജനാധിപത്യം എല്ലാം കേൾക്കുന്നുണ്ട്’ എന്ന പോസ്റ്ററുമായാണ് ഗൗരി സമരത്തിനെത്തിയത്. നടനും റാപ്പറുമായ ബേബി ജീനും സമരത്തിന് ഐക്യദാർഢ്യം പങ്കുവച്ച് മഹാരാജാസ് കോളജിലെത്തിയിരുന്നു.

ന്യൂഡൽഹി ജന്തർ മന്തറിലെ വിദ്യാർഥി പ്രക്ഷോഭത്തിന് പിന്തുണയുമായി നിരവധി താരങ്ങളാണ് രംഗത്തെത്തിയത്. സിനിമാ താരങ്ങളായ ഇന്ദ്രജിത്ത് സുകുമാരൻ, മീനാക്ഷി, കുഞ്ചാക്കോ ബോബൻ, സിജു സണ്ണി, റഹ്മാൻ, വിനയ് ഫോർട്ട്, കാളിദാസ് ജയറാം, നസ്ലിൻ, നിഖില വിമൽ, ഗ്രേസ് ആന്റണി, ദീപ തോമസ്, ഹാഷിർ തുടങ്ങിയവരാണ് ഇന്ന് പ്രതികരണവുമായി എത്തിയത്. കഴിഞ്ഞ ദിവസം വിസ്മയ മോഹൻലാൽ, ടൊവിനോ തോമസ്, പാർവതി തിരുവോത്ത്, റിമ കല്ലിങ്കൽ, പ്രാചി തെഹ്ലാൻ, എന്നിവർ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.


സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർഥികൾക്ക് നേരെ നടന്ന ആക്രമണത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയാണ് നടൻ ടൊവിനോ തോമസ് കുറിപ്പ് പങ്കുവെച്ചത്. തന്റെ ദേശീയതയെ ചോദ്യം ചെയ്യാൻ വരുന്നവരോട് ‘എന്റെ രാഷ്ട്രീയം മനുഷ്യത്വമാണ്, എന്റെ വിശ്വാസം സമാധാനവും’ എന്ന് വ്യക്തമാക്കി താരം, സമരം ചെയ്യുന്ന എല്ലാ പൗരന്മാർക്കും പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു.
ജന്തർ മന്തറിൽ നിന്നുള്ള ദൃശ്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് നടി പാർവ്വതി തിരുവോത്ത് ഭരണകൂട നിലപാടിനെതിരെ തുറന്നടിച്ച് വിഡിയോ പങ്കുവച്ചത്. ഈ രാജ്യത്ത് എല്ലാവർക്കും തുല്യ അവകാശമുണ്ടെന്നും, അടിച്ചമർത്തലുകൾക്കെതിരെ മിണ്ടാതിരുന്നാൽ അടുത്ത ഊഴം നമ്മുടേതായിരിക്കുമെന്നും പാർവ്വതി ഓർമ്മിപ്പിച്ചു. ഇൻസ്റ്റാഗ്രാം സ്റ്റോറിയിലാണ് പാർവതി വിഡിയോയും പ്രതിഷേധത്തിന്റെ ദൃശ്യങ്ങളും പങ്കുവച്ചത്.
ജന്തർ മന്തറിലെ സമരവേദിയിൽ നടൻ പ്രകാശ് രാജ്, നടി ഷബാന ആസ്മി, രഞ്ജിനി ഹരിദാസ് ഉൾപ്പെടെയുള്ളവർ നേരിട്ടെത്തി പ്രതിഷേധത്തിന്റെ ഭാഗമായിരുന്നു. കേരളത്തിൽ വിവിധയിടങ്ങളിലായി സമരം ചെയ്യുന്ന വിദ്യാർഥികൾക്ക് ഐക്യദാർഢ്യം അർപ്പിച്ച് പ്രതിഷേധക്കൂട്ടായ്മകൾ സംഘടിപ്പിച്ചിട്ടുണ്ട്.























