അന്തരിച്ച നടൻ കൊച്ചിൻ ഹനീഫയുടെ കുടുംബത്തിന് വീടൊരുങ്ങി. കൊച്ചി വെണ്ണലയിലാണ് നടന്റെ കുടുംബത്തിനായി വീട് നിർമിച്ചത്. കൊച്ചിൻ ഹനീഫയുടെ അപ്രതീക്ഷിത മരണത്തിന് ശേഷം കഴിഞ്ഞ പതിനാറ് വർഷമായി വാടക വീട്ടിലായിരുന്നു ഭാര്യ ഫാസിലയും ഇരട്ടക്കുട്ടികളായ സർഫയും മർവയും കഴിഞ്ഞിരുന്നത്. കൊച്ചി വെണ്ണല അംബേദ്കർ റോഡിലാണ് ‘കൊച്ചിൻ ഹനീഫാസ് എബി മൻസിൽ’ എന്ന പേരിലുള്ള വീട് പണി കഴിപ്പിച്ചിരിക്കുന്നത്.

പിതാവ് എബി മുഹമ്മദിന്റെ പേരിലാകണം തന്റെ വീടെന്നത് കൊച്ചിൻ ഹനീഫയുടെ എക്കാലത്തെയും വലിയ ആഗ്രഹമായിരുന്നു. അഞ്ച് ബെഡ്റൂം ഉൾപ്പടെ മനോഹരമായി ഇന്റീരിയർ ചെയ്ത മൂന്ന് നില വീട്ടിൽ മലയാളികളുടെ പ്രിയ നടന്റെ ഓർമകൾ നിറഞ്ഞ് നിൽക്കുന്നു. വീടിന്റെ ഗൃഹപ്രവേശന ചടങ്ങിൽ നടൻ ദിലീപും പങ്കെടുത്തു.


മക്കളായ സഫയും മർവയും ചേർന്നാണ് ഇന്റീരിയർ ഡിസൈൻ ചെയ്തിരിക്കുന്നത്. കൊച്ചിൻ ഹനീഫ വിട്ട് പിരിയുമ്പോൾ നാല് വയസായിരുന്നു ഇരട്ടകളായ സഫയ്ക്കും മർവയ്ക്കും. തലശ്ശേരിക്കാരിയായ ഫാസീല ഹനീഫയുടെ മരണശേഷം ബന്ധുക്കൾ നിർബന്ധിച്ചിട്ടും നാട്ടിലേക്ക് മടങ്ങാൻ കൂട്ടാക്കിയില്ല. പേരിന് മുമ്പ് നാടിനെ ചേർത്തുവച്ച വലിയ കലാകാരന്റെ ഓർമകൾ ഈ മണ്ണിൽ തന്നെ ഉണ്ടാകണമെന്ന ആഗ്രഹമായിരുന്നു ഫാസിലയ്ക്ക്. 16 കൊല്ലം കടവന്തറയിലെ വാടക വീട്ടിൽ താമസിച്ച കുടുംബം ഒടുവിൽ കൊച്ചിൻ ഹനീഫുയുടെ ആഗ്രഹപ്രകാരം കൊച്ചിയിൽ തന്നെ വീട് നിർമ്മിക്കുകയായിരുന്നു. ഹനീഫയുടെ കുടുംബത്തിന് അവശ്യഘട്ടങ്ങളിൽ താങ്ങായി എത്തിയത് നടൻ ദിലീപായിരുന്നു. സഹായത്തിനായി ആർക്കുമുന്നിലും കൈനീട്ടാത്ത കൊച്ചിൻ ഹനീഫയുടെ സ്വഭാവം അറിയാമായിരുന്ന ദിലീപ്, കുടുംബത്തിന് സ്ഥിരവരുമാനം ലഭിക്കുന്നുണ്ട് എന്ന് ഉറപ്പാക്കിയിരുന്നു. ഹനീഫയുടെ ഇന്നോവ കാർ തന്റെ സിനിമ സെറ്റുകളിൽ ഓടാൻ അനുവദിക്കണമെന്ന് ദിലീപ് പറഞ്ഞു. ഇതിലൂടെ ദിലീപ് കരുതിയത് ഹനീഫയുടെ കുടുംബത്തിന് ഒരു സ്ഥിര വരുമാനം ലഭിക്കുക എന്നതായിരുന്നു. ഒപ്പം ഹനീഫയുടെ സാന്നിധ്യം സിനിമാ സെറ്റുകളിൽ ഉണ്ടാവുക എന്നതുമായിരുന്നു. ഒന്നോ രണ്ടോ മാസമല്ല, പതിനാറ് വർഷം ദിലീപ് ഇതുചെയ്തു. ആരുടെ മുന്നിലും കൈനീട്ടാൻ കൊച്ചിൻ ഹനീഫയ്ക്കോ കുടുംബത്തിനോ ഒരു കാലത്തും താൽപര്യമുണ്ടായിരുന്നില്ല.
ഒരു രൂപയ്ക്ക് പോലും ആരുടെ മുന്നിലും കൈ നീട്ടിയിട്ടില്ല. ചില നിയമ തടസ്സങ്ങൾ ഉണ്ടായിരുന്നു. എങ്കിലും അവസാനം ഹനീഫയുടെ സമ്പാദ്യം കൊണ്ട് തന്നെ ഒടുവിൽ അദ്ദേഹം ആഗ്രഹിച്ചതുപോലെ ഒരു വീട് നിർമിക്കാൻ കഴിഞ്ഞുവെന്ന് കൊച്ചിൻ ഹനീഫയുടെ കുടുംബം പറഞ്ഞു























