46ാം വയസ്സിൽ അമ്മയായി നടി പത്മപ്രിയ

നടി പത്മപ്രിയ അമ്മയായ വിവരമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലും സിനിമാ ലോകത്തും പ്രധാന ചർച്ചാവിഷയം. കുഞ്ഞിന്റെ ഒന്നാം പിറന്നാൾ ദിനത്തിൽ കുഞ്ഞിക്കൈകളുടെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് താരം ഈ സന്തോഷ വാർത്ത ലോകത്തെ അറിയിച്ചത്. ഗർഭിണിയായ വിവരമോ കുഞ്ഞ് പിറന്ന കാര്യങ്ങളോ ഇതിനുമുമ്പ് താരം എവിടെയും വെളിപ്പെടുത്തിയിരുന്നില്ല.

കഴിഞ്ഞ ഒരു വർഷക്കാലമായി സോഷ്യൽ മീഡിയയിൽ ഫോട്ടോഷൂട്ടുകളും മറ്റ് വിശേഷങ്ങളുമായി സജീവമായിരുന്നെങ്കിലും, കുഞ്ഞിന്റെ വരവ് പൂർണമായും രഹസ്യമാക്കി വച്ചിരിക്കുകയായിരുന്നു. ‘ജീവിതത്തിന്റെ 365 ദിവസങ്ങൾ’എന്ന അടിക്കുറിപ്പോടെ പങ്കുവച്ച ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രത്തിൽ, അമ്മയുടെ വസ്ത്രത്തിൽ കുഞ്ഞിക്കൈ മുറുകെപ്പിടിച്ചിരിക്കുന്നതും രണ്ടു കുഞ്ഞിക്കൈകൾ ചേർത്തുപിടിച്ചിരിക്കുന്നതും കാണാം. എന്നാൽ കുഞ്ഞിന്റെ മുഖമോ, ആൺകുഞ്ഞാണോ പെൺകുഞ്ഞാണോ എന്ന കാര്യങ്ങളോ താരം ഇതുവരെ പുറത്തുവിട്ടിട്ടില്ല.

പത്മപ്രിയയുടെ പോസ്റ്റിന് താഴെ ആശംസകളുമായി എത്തിയ സഹപ്രവർത്തകർക്കിടയിൽ, നടി അഭിരാമിയും പത്മപ്രിയയും തമ്മിലുള്ള മറുപടികളും ശ്രദ്ധേയമായി. ‘ഞാൻ നിന്നെയും നിന്റെ കുഞ്ഞിനെയും സ്നേഹിക്കുന്നു എന്നറിയാമല്ലോ’എന്ന അഭിരാമിയുടെ കമന്റിന്, “ഞങ്ങൾക്കിത് ലഭിക്കാൻ കാരണം നീയാണ്” എന്നാണ് പത്മപ്രിയ മറുപടി നൽകിയത്.

വിവാഹം കഴിഞ്ഞ് വർഷങ്ങൾക്ക് ശേഷം ‘കൽക്കി’ എന്ന പെൺകുട്ടിയെ ദത്തെടുത്താണ് അഭിരാമിയും ഭർത്താവും അമ്മയും അച്ഛനുമായത്. അതിനാൽ തന്നെ അഭിരാമിയുടെ വഴിയേ സഞ്ചരിച്ച് പത്മപ്രിയയും കുഞ്ഞിനെ ദത്തെടുത്തതാണോ എന്ന തരത്തിലുള്ള ചർച്ചകളും ഇപ്പോൾ ശക്തമാണ്.