സമരത്തിനെതിരെ അധിക്ഷേപ പരാമര്‍ശം; മേജര്‍ രവിക്ക് വക്കില്‍ നോട്ടീസ്

ഡല്‍ഹി: ജന്തര്‍മന്തറിലെ സമരക്കാര്‍ക്കെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ മേജര്‍ രവിക്ക് വക്കീല്‍ നോട്ടീസ്. പ്ലസ് ടു വിദ്യാര്‍ഥിനിയായ മാളവികയാണ് നോട്ടീസ് അയച്ചത്. നോട്ടീസ് ലഭിച്ച് ഏഴ് ദിവസത്തിനകം പരാമര്‍ശം പിന്‍വലിച്ചു മാപ്പ് പറയണം എന്നും സോഷ്യല്‍ മീഡിയയില്‍ നിന്നും വിഡിയോ നീക്കം ചെയ്യണം എന്നും നോട്ടീസില്‍ ആവശ്യപ്പെടുന്നു. ഫെയ്‌സ്ബുക്ക് ലൈവിലൂടെ വിദ്യാര്‍ഥികളെ അപകീര്‍ത്തിപ്പെടുത്തിയെന്നാണ് നോട്ടീസിന്റെ ഉള്ളടക്കം.

നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരെ ഡല്‍ഹിയില്‍ നടക്കുന്ന വിദ്യാര്‍ഥി പ്രതിഷേധത്തെ പിന്തുണച്ച് മോഹന്‍ലാലിന്റെ മകളും നടിയുമായ വിസ്മയ രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് വിസ്മയക്കെതിരെ രൂക്ഷമായ സൈബര്‍ ആക്രമണം നടന്നിരുന്നു. പിന്നാലെ വിസ്മയയെ വിമര്‍ശിച്ച് മേജര്‍ രവി രംഗത്തെത്തുകയായിരുന്നു. വിയറ്റ്നാമില്‍ ജനിച്ചുവളര്‍ന്ന വിസ്മയക്ക് കാര്യമായ രാഷ്ട്രീയ വിദ്യാഭ്യാസമില്ലെന്നായിരുന്നു രവിയുടെ പ്രതികരണം. പ്രതിഷേധിക്കുന്ന വിദ്യാര്‍ഥികളെ മര്‍ദിക്കുന്നതു കണ്ടപ്പോള്‍ മനുഷ്യത്വത്തിന് പുറത്താണ് വിസ്മയ പോസ്റ്റിട്ടതെന്നും മേജര്‍ രവി പറഞ്ഞു.

‘മായ പഠിച്ചതും വളര്‍ന്നതുമെല്ലാം വിയറ്റ്നാമിലായിരുന്നു. അവിടെ ഒരു തെരുവുപട്ടിയെ ഒരാള്‍ അക്രമിക്കുന്നത് കണ്ട്, അതിനെ ദത്തെടുത്ത് ഇന്ത്യന്‍ സര്‍ക്കാരുമായി സംസാരിച്ച് അനുമതി വാങ്ങി അതിനെയിപ്പോള്‍ വീട്ടില്‍ വളര്‍ത്തിക്കൊണ്ടിരിക്കുയാണ്. ഇതാണ് ആ കുട്ടിയുടെ മനസ്. ഒരു കുട്ടിയെ അടിക്കുന്നതുകണ്ട വികാരത്തില്‍ പങ്കുവെച്ച പോസ്റ്റാണ്. അതിനെ കോക്രോച്ച് പാര്‍ട്ടിക്കുള്ള പിന്തുണയായി വ്യാഖ്യാനിക്കുന്നു. മായക്ക് ഇതിന് പിന്നിലെ ഗൂഢാലോചനയെക്കുറിച്ച് അറിയില്ല’, മേജര്‍ രവി പറഞ്ഞു. മദ്യത്തിനും സൗജന്യ ഭക്ഷണത്തിനും വേണ്ടിയാണ് സമരമെന്നതടക്കമുള്ള ആരോപണങ്ങള്‍ മേജര്‍ രവി പിന്‍വലിക്കണമെന്നും വക്കീല്‍ നോട്ടീസില്‍ പറയുന്നു. 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും എന്നും നോട്ടീസില്‍ ആവശ്യപ്പെടുന്നു. സുപ്രീം കോടതി അഭിഭാഷകനായ വിനീത് എസ് വര്‍ക്കലവിള മുഖേനയാണ് നോട്ടീസ് അയച്ചിരിക്കുന്നത്.