ഔദ്യോഗിക വാഹനം ഉപേക്ഷിച്ചു, അകമ്പടിയുമില്ലാതെ തിരുവനന്തപുരത്ത്

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് കനത്ത പരാജയം ഏറ്റുവാങ്ങിയ ശേഷം ഇതുവരെ മാധ്യമങ്ങളെ കാണാതെ കാവൽ മുഖ്യമന്ത്രി പിണറായി വിജയൻ. മട്ടന്നൂരിലും കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് തിരുവനന്തപുരത്ത് എത്തിയ ശേഷവും പിണറായി വിജയൻ മാധ്യമങ്ങളോട് പ്രതികരിച്ചില്ല. ചോദ്യങ്ങളുമായി മാധ്യമപ്രവർത്തകർ പിണറായി വിജയന്റെ അരികിലേക്ക് എത്തിയെങ്കിലും ചെറു പുഞ്ചിരിയോടെ കൈവീശി അഭിവാദ്യം അർപ്പിച്ചതല്ലാതെ ഒന്നും പ്രതികരിക്കാൻ അദ്ദേഹം തയ്യാറായില്ല.

ഇന്ന് രാവിലെയാണ് പിണറായി വിജയൻ തിരുവനന്തപുരത്ത് എത്തിയത്. ഔദ്യോഗിക വാഹനം ഉപേക്ഷിച്ച പിണറായി വിജയൻ എകെജി സെന്ററിൽ നിന്ന് എത്തിച്ച വാഹനത്തിലാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് ക്ലിഫ് ഹൗസിലേക്ക് പോയത്. പാർട്ടി ഓഫീസിലെ ഡ്രൈവറാണ് കാറുമായി എത്തിയത്. പൊലീസ് അകമ്പടിയും പിണറായി വേണ്ടെന്ന് വച്ചു. കാവൽ മുഖ്യമന്ത്രി എന്ന നിലയിൽ ഔദ്യോഗിക വാഹനവും പൊലീസ് അകമ്പടിയും സ്വീകരിക്കുന്നതിൽ തെറ്റില്ല. എന്നാൽ ഇവ രണ്ടും വേണ്ടെന്ന് പിണറായി വിജയൻ അറിയിച്ചതായാണ് റിപ്പോർട്ടുകൾ.

കുടുംബത്തോടൊപ്പമാണ് പിണറായി വിജയൻ തിരുവനന്തപുരത്ത് എത്തിയത്. സിപിഎം നേതാക്കളായ വി ശിവൻകുട്ടി, എ എ റഹീം, വി ജോയ് എന്നിവർ പിണറായി വിജയനെ സ്വീകരിക്കാൻ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തി. അതിനിടെ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതിനെ തുടർന്ന് ക്ലിഫ് ഹൗസിൽ നിന്ന് ഒഴിയുന്ന പിണറായി വിജയന് താമസിക്കാൻ ചിന്താ ഫ്‌ലാറ്റിൽ പാർട്ടി മുറി അനുവദിച്ചു. ചിന്താ ഫ്‌ലാറ്റിലെ 3എ, 3ബി ഫ്‌ലാറ്റുകളാണ് പിണറായിക്ക് അനുവദിച്ചത്.