കളമശേരി പോളിടെക്‌നിക്കിലെ ലഹരി വേട്ട: അഭിരാജിനെ എസ്എഫ്‌ഐയിൽ നിന്ന് പുറത്താക്കി

കളമശേരി പോളിടെക്‌നിക്ക് ഹോസ്റ്റലിലെ കഞ്ചാവ് കേസിൽ പിടിയിലായ യൂണിയൻ ജനറൽ സെക്രട്ടറി അഭിരാജിനെ എസ്എഫ്‌ഐ പുറത്താക്കി. പോളിടെക്‌നിക്ക് എസ്എഫ്‌ഐ യൂണിറ്റിന്റേതാണ് തീരുമാനം. പിടിയിലായ ഷാലിക്ക് കെഎസ് യു പ്രവർത്തകൻ ആണെന്നും എസ്എഫ്‌ഐ സംസ്ഥാന നേതൃത്വം വ്യക്തമാക്കി. പോളിടെക്‌നിക് ഹോസ്റ്റലിലെ ലഹരി വേട്ടക്ക് ആധാരം പ്രിൻസിപ്പൽ ഐജു തോമസ് നൽകിയ പരാതിയെന്നതും പുറത്ത് വന്നു. പന്ത്രണ്ടാം തീയതിയാണ് ഡിസിപിക്ക് പരാതി നൽകിയത്. പതിനാലാം തീയതി കോളജ് നടത്തുന്ന ഹോളി ആഘോഷത്തിലേക്ക് മദ്യവും മയക്കുമരുന്നും എത്തിക്കാൻ വിദ്യാർത്ഥികൾ ശ്രമിക്കുന്നുണ്ടെന്ന് പ്രിൻസിപ്പൾ ഡിസിപിക്ക് നൽകിയ പരാതിയിൽ പറയുന്നു. പൊലീസ് പരിശോധനയും പ്രിൻസിപ്പൽ ആവശ്യപ്പെട്ടു.

പോളിടെക്‌നിക് ഹോസ്റ്റലിൽ മുൻപും വ്യാപകമായി മയക്കുമരുന്ന് എത്തിയിട്ടുണ്ടെന്നാണ് പൊലീസ് കണ്ടെത്തൽ.