കരിമീൻ കുഞ്ഞുങ്ങളെ തീറ്റ കൊടുത്തു വളർത്തി, അവയെ മുഴുവൻ പിടിച്ചുകൊണ്ടുപോയി; സലിംകുമാർ

കൊച്ചി: പൊക്കാളി മേഖലയിലെ പദ്ധതികൾ വിജയകരമായി മുന്നോട്ടു കൊണ്ടുപോകണമെങ്കിൽ നാട്ടുകാരുടെ സഹകരണം വേണമെന്ന് നടൻ സലിംകുമാർ. പൊക്കാളി പാടത്ത് മത്സ്യക്കൃഷിയുടെ കാലാവസ്ഥ കഴിയുന്ന ഉടൻ തന്നെ പുറത്തു നിന്നുള്ളവർ വലവീശി മീൻ പിടിച്ചുകൊണ്ടു പോകുന്നത് അനീതിയാണെന്നും താരം പറഞ്ഞു. സ്വന്തം പാടത്ത് മത്സ്യകർഷകനെക്കാൾ അവകാശം പുറത്തു നിന്നുള്ളവർക്കാണെന്ന അവസ്ഥ മറ്റൊരു രാജ്യത്തും ഇല്ലെന്ന് അദ്ദേഹം പറഞ്ഞു.

താൻ അതിൽ അനുഭവസ്ഥനാണെന്നും സ്വന്തമായുള്ള 13 ഏക്കറിൽ 35,000 കരിമീൻ കുഞ്ഞുങ്ങളെ നിക്ഷേപിക്കുകയും അവയെ തീറ്റ കൊടുത്തു വളർത്തുകയും ചെയ്തു. എന്നാൽ ചിലർ കാലാവധിയുടെ പേരു പറഞ്ഞു രണ്ടിഞ്ചു വലുപ്പമുള്ള കരിമീൻ കുഞ്ഞുങ്ങളെ മുഴുവൻ പിടിച്ചു കൊണ്ടു പോയി. ആ ഭൂമിയിപ്പോൾ ദുരന്ത ഭൂമിയാണെന്നും കൃഷി മന്ത്രി പി പ്രസാദിന്റെ സാന്നിധ്യത്തിൽ സലിംകുമാർ പറഞ്ഞു.

കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് പ്രകാരം ‘2025’ എന്ന പേരിൽ കുഴുപ്പിള്ളിയിൽ സംഘടിപ്പിച്ച പൊക്കാളി ഏകദിന ശിൽപശാലയിൽ പങ്കെടുക്കാനെത്തിയതായിരുന്നു സലിംകുമാർ.