വാഹനഅപകടം ഉണ്ടാകില്ലെന്ന് ആർക്കെങ്കിലും പറയാൻ പറ്റുമോ? അതുപോലെ വന്യമൃഗശല്യത്തിനും ശാശ്വത പരിഹാരമില്ല; മന്ത്രി എ കെ ശശീന്ദ്രൻ

വന്യജീവി ആക്രമണങ്ങളിൽ വീണ്ടും മരണങ്ങളുണ്ടായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ വിവാദ പരാമർശങ്ങളുമായി വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. വന്യജീവി ശല്യത്തിന് ശാശ്വതമായ ഒരു പരിഹാരമില്ലെന്നാണ് വനംവകുപ്പ് മന്ത്രിയുടെ വിവാദ പരാമർശം. കാട്ടിലൂടെ പോകാൻ അനുവാദം നൽകുകയും വേണം, വന്യമൃഗങ്ങൾ ആക്രമിക്കാനും പാടില്ലെന്നത് എങ്ങനെ സാധിക്കുമെന്ന് വനംമന്ത്രി ചോദിച്ചു. വന്യമൃഗ ആക്രമണങ്ങളുണ്ടാകുന്നത് വനത്തിലാണെന്നും ജനവാസപ്രദേശങ്ങളിലല്ലെന്നുമുള്ള മുൻ നിലപാടിൽ ഉറച്ചുനിൽക്കുകയാണ് വനംവകുപ്പ് മന്ത്രി.

‘സമൂഹം നിലനിൽക്കുന്നിടത്തോളം കാലം ഉണ്ടാകുന്ന ഒരു പ്രശ്‌നമല്ലേ വന്യജീവി ആക്രമണം. ശാശ്വതമെന്ന് പറയാനാകില്ല. പരമാവധി പരിഹരിക്കും എന്നാണ് പറയാനുള്ളത്. ഇനി മേലാൽ കേരളത്തിൽ ആത്മഹത്യയുണ്ടാകില്ലെന്ന് പറയാൻ ആർക്കെങ്കിലും സാധിക്കുമോ? ഒരു റോഡ് അപകടം ഉണ്ടാകില്ലെന്ന് പറയാൻ സാധിക്കുമോ? ഇതെല്ലാം പ്രകൃതി ദുരന്തങ്ങളാണ്. ഇതിനൊന്നും അവസാന വാക്കുപറയാൻ ആർക്കാണ് സാധിക്കുക? ജനങ്ങളെ തെറ്റായ വ്യാഖ്യാനങ്ങളിലൂടെ തെറ്റിദ്ധരിപ്പിക്കരുത്’. മന്ത്രി എ കെ ശശീന്ദ്രന്റെ വാക്കുകൾ ഇങ്ങനെ. വന്യമൃഗ ആക്രമണങ്ങളുമായി ബന്ധപ്പെട്ട വിഷയത്തിൽ സർവകക്ഷി യോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ നേതാവിന്റെ കത്ത് ലഭിച്ചിട്ടില്ലെന്ന് എ കെ ശശീന്ദ്രൻ പറഞ്ഞു. സർവകക്ഷി യോഗം വിളിക്കുന്ന കാര്യം പരിഗണിക്കും. നിയമസഭയിലും ഇക്കാര്യം ചർച്ച ചെയ്യാമെന്ന് പറഞ്ഞതാണെന്നും അദ്ദേഹം വ്യക്തമാക്കി. വന്യമൃഗസംരക്ഷണവുമായി ബന്ധപ്പെട്ട കേന്ദ്ര നിയമത്തെ സർക്കാരിന് ഏതെല്ലാം വിധത്തിൽ എതിർക്കാമെന്നതിന്റെ നിയമവശങ്ങൾ പഠിച്ചുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.