കൊച്ചി: ചോറ്റാനിക്കരയിൽ ആൺ സുഹൃത്തിന്റെ ക്രൂരമായ പീഡനത്തിന് ഇരയായി ജീവനൊടുക്കാൻ ശ്രമിച്ച യുവതി മരിച്ച സംഭവത്തിൽ പ്രതി അനൂപിനെതിരെ കുറ്റകരമായ നരഹത്യ ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തി. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. വൈദ്യസഹായം നിഷേധിച്ചത് മരണത്തിലേക്ക് നയിച്ചെന്നും പൊലീസ് പറയുന്നു

കഴിഞ്ഞ ദിവസം പൊലീസ് പ്രതിയെ കസ്റ്റഡിയിൽ വാങ്ങിയിരുന്നു. കൂടുതൽ ചോദ്യം ചെയ്യൽ ഉൾപ്പടെ പൂർത്തിയാക്കിയ ശേഷമാണ് പ്രതിക്കെതിരെ കുറ്റകരമായ നരഹത്യ ഉൾപ്പടെയുള്ള വകുപ്പുകൾ ചേർത്തത്. റിപ്പോർട്ട് ഇന്ന് കോടതിയിൽ സമർപ്പിക്കും. നേരത്തെ പ്രതിക്കെതിരെ ബലാത്സംഗം, വധശ്രമം എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിന്നത്. പ്രതി അനൂപ് യുവതിയെ ക്രൂരമായി മർദിച്ചിരുന്നെന്നും ലൈംഗിക പീഡനത്തിനിരയാക്കിയതായും പോസ്റ്റ്‌മോർട്ട് റിപ്പോർട്ടിൽ വ്യക്തമായിരുന്നു.


ജനുവരി 26നു വൈകിട്ടാണു പെൺകുട്ടിയെ അബോധാവസ്ഥയിൽ വീടിനുള്ളിൽ ഉറുമ്പരിച്ച നിലയിൽ ബന്ധുക്കൾ കണ്ടെത്തിയത്. തലയിലും മുഖത്തും ഗുരുതരമായി ക്ഷതമേറ്റിരുന്നു. കഴുത്തിൽ കയർ മുറുകിയ പാടുണ്ടായിരുന്നു. കയ്യിലും മുറിവേറ്റിരുന്നു. സിസിടിവി ദൃശ്യങ്ങളിൽ, പെൺകുട്ടിയുടെ അടുപ്പക്കാരനായ അനൂപിനെ കണ്ടതോടെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അനൂപിന്റെ സംശയരോഗം മൂലം ഇരുവർക്കുമിടയിൽ പ്രശ്‌നങ്ങൾ പതിവായിരുന്നു. ലൈംഗികമായി ഉപദ്രവിച്ചെന്നും ചുറ്റിക കൊണ്ടടക്കം ആക്രമിച്ചെന്നും പ്രതി പൊലീസിനോടു വെളിപ്പെടുത്തിയിരുന്നു.























