‘അഖിൽ പി ധർമജനോട് സഹതാപം മാത്രം, അനർഹമായ ഭാരം തലയിൽ പേറി ജീവിതകാലം മുഴുവൻ കഴിയണം’; വീണ്ടും വിമർശനവുമായി ഇന്ദു മേനോൻ

അഖിൽ പി ധർമജന്റെ റാം C/0 ആനന്ദി എന്ന നോവലിന് കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്‌കാരം ലഭിച്ച സംഭവത്തിൽ വിമർശനം തുടർന്ന് എഴുത്തുകാരി ഇന്ദു മേനോൻ. ഇന്ത്യയിൽ ഇന്ന് മലയാളസാഹിത്യത്തെ പ്രതിനിധാനം ചെയ്യുന്ന യുവ മുഖം ഒരു പൾപ്പ് ഫിക്ഷനാണ് എന്നത് അത്ഭുതപ്പെടുത്തുന്നില്ലെന്ന ഇന്ദു മേനോന്റെ പരാമർശം വലിയ ചർച്ചയായതിന് പിറകെയാണ് പുതിയ പരാമർശം.

താൻ ഉർത്തിയ പോസ്റ്റിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വലിയ സൈബർ ആക്രമണം നേരിടുന്നുണ്ട്. അല്പജ്ഞാനികളായ ഫെയ്ക്ക് ഐഡികളിൽ നിന്ന് വന്ന് ഒരു സ്ത്രീയുടെ ശരീരത്തെയും വ്യക്തിപരമായ സംഗതികളെയും പറഞ്ഞുകൊണ്ട് തെറി പറഞ്ഞുകൊണ്ട് ഞാൻ പറഞ്ഞിട്ടുള്ള ഒരു വാസ്തവത്തെ എതിരിടാം എന്ന് കരുതുന്നത് വിഡ്ഢിത്തരം ആണെന്നും ഇന്ദുമേനോൻ പുതിയ പോസ്റ്റിൽ പറയുന്നു. അക്കാദമി അവാർഡിന് പരിഗണിച്ച പുസ്തകങ്ങളുടെ ചുരുക്ക പട്ടികയിൽ മികച്ച പല പുസ്തകങ്ങളുടെയും ഒപ്പം റാം കെയർ ഓഫ് ആനന്ദി എന്ന് ചവർ പൾപ്പ് ഉൾപ്പെട്ടത് ഇന്നേവരെ ഞാൻ കണ്ട ഏറ്റവും വലിയ സാഹിത്യ ഗൂഢാലോചനയും ഭാഷാപരമായ കുറ്റകൃത്യവും ആണ് എന്നും ഇന്ദുമോൻ ആരോപിക്കുന്നു.