പ്രതിയെ നഗ്നനാക്കി ചൊറിയണം തേച്ചു; 18 വർഷം മുമ്പുള്ള കേസിൽ ആലപ്പുഴ ഡിവൈഎസ്പിക്ക് ഒരു മാസം തടവ്

ആലപ്പുഴ: കസ്റ്റഡിയിലെടുത്ത പ്രതിയെ നഗ്‌നനാക്കി ചൊറിയണം തേച്ച സംഭവത്തിൽ ഡിവൈഎസ്പിക്ക് ഒരു മാസം തടവും ആയിരം രൂപ പിഴയും. ആലപ്പുഴ ഡിവൈഎസ്പി മധുബാബുവിനെയാണ് ചേർത്തല ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ശിക്ഷിച്ചത്. 18 വർഷം മുൻപ് നടന്ന സംഭവത്തിലാണ് ഇപ്പോൾ വിധി വന്നിരിക്കുന്നത്. അന്ന് ചേർത്തല എസ് ഐ ആയിരുന്നു മധുബാബു. ഒപ്പമുണ്ടായിരുന്ന ഹെഡ് കോൺസ്റ്റബിളിനേയും കോടതി ശിക്ഷിച്ചിട്ടുണ്ട്.

2006 ഓഗസ്റ്റിലായിരുന്നു സംഭവം. സിദ്ധാർഥൻ എന്നയാളെ മധുബാബു കസ്റ്റഡിയിലെടുത്ത് ചൊറിയണം പ്രയോഗം നടത്തിയെന്നാണ് കേസ്. കയറുഫാക്ടറിയുടെ പ്രവർത്തനം സമീപ പ്രദേശങ്ങളെ മലിനീകരിക്കുന്നുവെന്ന പരാതി നൽകുകയും ഇതിനെതിരേ സമരം ചെയ്യുകയും ചെയ്ത വ്യക്തിയായിരുന്നു സിദ്ധാർഥൻ. സമരവുമായി ബന്ധപ്പെട്ടാണ് സിദ്ധാർഥനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ചേർത്തല എസ് ഐ ആയിരുന്ന മധുബാബുവും ഹെഡ് കോൺസ്റ്റബിളും ചേർന്ന് തന്നെ നഗ്‌നനാക്കി ചൊറിയണം തേച്ചെന്ന് സിദ്ധാർഥൻ പിന്നീട് പരാതി നൽകി. 2007ലാണ് പരാതിയിൽ പൊലീസ് കേസെടുക്കുന്നത്.