‘സ്‌പെഷ്യൽ ക്ലാസ് ജയിൽപ്പുള്ളി’ , അല്ലു ജയിലിൽ കഴിച്ചത് ചോറും വെജിറ്റബിൾ കറിയും

‍‍’പുഷ്പ 2′ സിനിമയുടെ പ്രീമിയർ ഷോയ്ക്കിടെ തിയേറ്ററിലുണ്ടായ തിക്കിലും തിരക്കിലും യുവതി മരിച്ച സംഭവത്തിൽ നടൻ അല്ലു അർജുൻ അറസ്റ്റിലായിരുന്നു. വെള്ളിയാഴ്ചയാണ് നടനെ പോലീസ് സംഘം വീട്ടിലെത്തി അറസ്റ്റ് ചെയ്തത്. മണിക്കൂറുകൾക്കുള്ളിൽ തെലങ്കാന ഹൈക്കോടതി നടന് ഇടക്കാലജാമ്യം അനുവദിച്ചിരുന്നു. എന്നാൽ, ജാമ്യ ഉത്തരവ് കിട്ടാൻ വൈകിയതിനാൽ വെള്ളിയാഴ്ച രാത്രി അല്ലു അർജുന് ജയിലിൽതന്നെ കഴിയേണ്ടിവന്നിരുന്നു. ശനിയാഴ്ച രാവിലെയാണ് നടൻ ജയിൽമോചിതനായത്. ഒരുരാത്രി മുഴുവൻ ജയിലിൽ കഴിയേണ്ടിവന്നെങ്കിലും നടനെ ‘സ്‌പെഷ്യൽ ക്ലാസ് ജയിൽപ്പുള്ളി’ ആയാണ് പരിഗണിച്ചതെന്നാണ് തെലങ്കാന ജയിൽവകുപ്പിലെ ഒരു മുതിർന്ന ഉദ്യോഗസഥൻ പ്രതികരിച്ചത്. അത്താഴത്തിന് ചോറും വെജിറ്റബിൾകറിയുമാണ് നടന് നൽകിയതെന്നും എന്തെങ്കിലും പ്രത്യേക ആവശ്യമോ സഹായമോ നടൻ ചോദിച്ചിരുന്നില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി. ”അദ്ദേഹം തികച്ചും സാധാരണപോലെയായിരുന്നു. വിഷമിച്ചൊന്നും കണ്ടില്ല. ജയിലിലെ സാധാരണ അത്താഴസമയം വൈകിട്ട് 5.30-നാണ്. എന്നാൽ, വൈകി എത്തിക്കുന്നവർക്കും ഭക്ഷണം വിളമ്പാറുണ്ട്. നടൻ ചോറും വെജിറ്റബിൾകറിയുമാണ് കഴിച്ചത്. കോടതിയുടെ ഉത്തരവനുസരിച്ച് നടനെ ‘സ്‌പെഷ്യൽ ക്ലാസ് ജയിൽപ്പുള്ളി’ ആയാണ് കൈകാര്യം ചെയ്തിരുന്നത്”, ജയിൽ ഉദ്യോഗസ്ഥൻ പറഞ്ഞു.

‘സ്‌പെഷ്യൽ ക്ലാസ് ജയിൽപ്പുള്ളി’ക്ക് ജയിലിൽ പ്രത്യേകമായി കട്ടിലും കസേരയും മേശയും ഉൾപ്പെടെയുള്ള സൗകര്യങ്ങളാണ് ലഭ്യമാവുക. അല്ലു അർജുനെ അതേ കേസിലെ മറ്റുപ്രതികൾക്കൊപ്പം ജയിലിലെ പ്രത്യേകഭാഗത്താണ് താമസിപ്പിച്ചതെന്നും ജയിൽ ഉദ്യോഗസ്ഥൻ വ്യക്തമാക്കി.