‘സിനിമയിൽ ഉപയോഗിച്ചത് തന്റെ മൊബൈൽ നമ്പർ’; ‘അമരൻ ’ നിർമാതാക്കൾക്ക് വക്കീൽ നോട്ടീസയച്ച് വിദ്യാർത്ഥി

ശിവകാർത്തികേയൻ- സായി പല്ലവി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ‘അമരൻ ’ന്റെ നിർമാതാക്കൾക്ക് വക്കീൽ നോട്ടീസ് അയച്ച് ചെന്നൈയിലെ വിദ്യാർത്ഥി. തന്റെ ഫോൺ നമ്പർ സിനിമയിൽ ഉപയോഗിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് എഞ്ചിനിയറിങ്ങ് വിദ്യാർത്ഥി വി വി വാഗീശൻ നോട്ടീസ് അയച്ചത്. തന്റെ നമ്പർ സായിപല്ലവി അവതരിപ്പിച്ച കഥാപാത്രം ഇന്ദു റെബേക്ക വർഗീസിന്റേതായാണ് സിനിമയിൽ കാണിക്കുന്നത്. സിനിമ ഇറങ്ങിയ ശേഷം ഈ നമ്പ‍റിലേക്ക് കോളുകളെത്തുന്നു. ഇതോടെ തനിക്ക് സമാധാനം നഷ്ടമായെന്ന് വാഗീശൻ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. തുടർച്ചയായി കോളുകളെത്തിയതോടെ ഉറങ്ങാനും പഠിക്കാനും പറ്റുന്നില്ല.

മാനസികമായി ബുദ്ധിമുട്ടുണ്ടാക്കുന്നു. തനിക്ക് 1.1 കോടി നഷ്ടപരിഹാരം വേണമെന്നാണ് വാഗീശൻ മുന്നോട്ട് വെക്കുന്ന ആവശ്യം. തന്റെ ഫോൺ നമ്പർ മാറ്റില്ലെന്നും വാഗീശൻ വ്യക്തമാക്കി. ആർമി ഓഫീസർ മേജർ മുകുന്ദ് വരദരാജന്റെ കഥ പറഞ്ഞ അമരൻ, മികച്ച പ്രേക്ഷക-നിരൂപക പ്രശംസകൾ നേടി മുന്നേറുകയാണ്. 2024 ഒക്ടോബർ 31ന് റിലീസ് ചെയ്ത ചിത്രം, രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്ത് രാജ് കമൽ ഫിലിംസ് ഇൻ്റർനാഷണലും സോണി പിക്‌ചേഴ്‌സ് ഫിലിംസ് ഇന്ത്യയും ചേർന്നാണ് നിർമ്മിച്ചത്. മേജർ മുകുന്ദായാണ് ശിവ കാർത്തികേയൻ വേഷമിട്ടത്. ബോക്സ് ഓഫീസിൽ വൻ പ്രകടനം കാഴ്ചവയ്ക്കുകയാണ് അമരൻ. സായ് പല്ലവി നായികയായി എത്തിയ ചിത്രത്തിൽ ഭുവൻ അറോറ, രാഹുൽ ബോസ്, ശ്രീകുമാർ, വികാസ് ബംഗർ തുടങ്ങിയവരും പ്രധാന വേഷങ്ങളിലുണ്ട്.