കോഴിക്കോട്ട് ആംബുലൻസുകൾ ഗതാഗതക്കുരുക്കിൽ കുടുങ്ങി ; രണ്ടുരോഗികൾ മരിച്ചു

കോഴിക്കോട്: രാമനാട്ടുകരയിൽ ആംബുലൻസുകൾ ഗതാഗതക്കുരുക്കിൽപ്പെട്ട് രണ്ട് രോഗികൾ മരിച്ചു. രാമനാട്ടുകര കാക്കഞ്ചേരി ഭാഗത്ത് കഴിഞ്ഞദിവസം രാത്രിയിലാണ് സംഭവം. അരമണിക്കൂറോളമാണ് രോഗികളുമായി പോകുകയായിരുന്ന ആംബുലൻസുകൾ ഗതാഗതക്കുരുക്കിൽപ്പെട്ടത്. ഒരു സ്ത്രീയും ഒരു പുരുഷനുമാണ് മരിച്ചത്. എടരിക്കോട് സ്വദേശി സുലൈഖ (54)യാണ് മരിച്ച ഒരാൾ. കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും കോഴിക്കോട്ടെ ആശുപത്രിയിലേക്ക് പോകുകയായിരുന്നു.

വള്ളിക്കുന്ന് സ്വദേശി ഷജിൽ കുമാറാണ് മരിച്ച രണ്ടാമത്തെയാൾ. ചേളാരിയിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകുകയായിരുന്നു. ഗതാഗതക്കുരുക്ക് ഒരുവിധം കടന്ന് രണ്ടുരോഗികളെയും ഫറോക്കിലെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ അപ്പേഴേക്കും ഇരുവരും മരിച്ചിരുന്നു. അഞ്ചോ പത്തോ മിനിറ്റെങ്കിലും മുമ്പേ എത്തിച്ചിരുന്നെങ്കിൽ ജീവൻ രക്ഷിക്കാമായിരുന്നുവെന്ന് ഡോക്ടർമാർ സൂചിപ്പിച്ചു.