കൊച്ചി: താരസംഘടനയായ അമ്മയിലെ തിരഞ്ഞെടുപ്പിൽ കുറ്റാരോപിതർ മത്സരിക്കുന്നുണ്ടെന്ന ആരോപണങ്ങളോട് പ്രതികരിച്ച് നടൻ ദേവൻ. സംഘടനയുടെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് നടൻ ബാബുരാജ് മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് ദേവൻ തന്റെ അഭിപ്രായം പ്രകടിപ്പിച്ചു. ആരോപണവിധേയനായ ഉടൻ സംഘടനയുടെ തലപ്പത്തുനിന്ന് സിദ്ദിഖ് രാജിവെച്ച കാര്യം ദേവൻ ചൂണ്ടിക്കാട്ടി. കൊച്ചിയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ദേവൻ ഇക്കാര്യങ്ങൾ പറഞ്ഞത്.

തങ്ങൾക്കെതിരെ ഒരു ആരോപണം ഉയർന്നപ്പോൾ ഒട്ടും കാലതാമസമില്ലാതെയാണ് ഇടവേള ബാബുവും വിജയ് ബാബുവുമെല്ലാം രാജിവെച്ചതെന്ന് ദേവൻ പറഞ്ഞു. ബാബുരാജ് മാത്രമാണ് അങ്ങനെ ചെയ്യാതിരുന്നത്. ഒരാളെ പുറത്താക്കണമെങ്കിൽ ഒരുപാട് നടപടികളിലൂടെ കടന്നുപോകേണ്ടതായിട്ടുണ്ട്. സംഘടനയെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ കോടതി വാർഷിക ജനറൽബോഡി യോഗമാണ്. അതിലെടുക്കുന്ന തീരുമാനമാണ് അന്തിമം. ആരോപണവിധേയർ സംഘടനയിലേക്ക് മത്സരിക്കുന്നുണ്ടെങ്കിൽ അംഗങ്ങൾക്ക് അവരെ വോട്ടുചെയ്ത് തോൽപ്പിക്കാമല്ലോ എന്നും അദ്ദേഹം പറഞ്ഞു.

























