ജയൻ ചേർത്തലയ്ക്ക് എതിരായ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ പരാതി: ‘അമ്മ’ നിയമസഹായം നൽകും

നടൻ ജയൻ ചേർത്തലയ്ക്ക് എതിരായ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ പരാതിയിൽ ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മ നിയമസഹായം നൽകും. നിർമാതാക്കളുടെ സംഘടന അമ്മയ്ക്ക് ഒരു കോടി രൂപ നൽകാനുണ്ടെന്ന ജയൻ ചേർത്തലയുടെ പരാമർശമാണ് പരാതിക്ക് കാരണമായത്. ജയൻ ചേർത്തല തങ്ങളെ മാധ്യമങ്ങളിലൂടെ അവഹേളിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് എറണാകുളം സിജിഎം കോടതിയിൽ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ പരാതി സമർപ്പിച്ചിരിക്കുന്നത്. ജയൻ ചേർത്തല മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ് നൽകിയെങ്കിലും ജയൻ ചേർത്തല അതിനോട് പ്രതികരിച്ചിരുന്നില്ല.

ജയൻ ചേർത്തലയ്ക്കായി മുതിർന്ന അഭിഭാഷകനെ തന്നെ വയ്ക്കുമെന്നാണ് അമ്മയുടെ നിലപാട്. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ വൻ സാമ്പത്തിക ബാധ്യതയിലാണെന്ന് അറിയിച്ചപ്പോൾ പണം കടം നൽകിയത് അമ്മയാണെന്നും ഒരു ഷോയ്ക്ക് വേണ്ടി വൻ താരങ്ങൾ പ്രതിഫലം പോലും വാങ്ങാതെയാണ് വന്നതെന്നും ഇനിയും അസോസിയേഷൻ അമ്മയ്ക്ക് കുറച്ച് തുക തരാനുണ്ടെന്നുമാണ് മാധ്യമങ്ങളിലൂടെ ജയൻ ചേർത്തല അറിയിച്ചിരുന്നത്. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ കടക്കെണിയിലാണെന്നും സഹായിച്ചത് അമ്മയാണെന്നുമുള്ള ആരോപണം തീർത്തും അടിസ്ഥാനരഹിതമെന്നാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ നിലപാട്. അമ്മയും നിർമാതാക്കളും ഷോ നടത്തിയത് കൃത്യമായ കരാറിന്റെ അടിസ്ഥാനത്തിലാണെന്നും വരുമാനം പങ്കിടാനുള്ള കരാറിന്റെ അടിസ്ഥാനത്തിൽ താരങ്ങൾ പങ്കെടുക്കുമ്പോൾ അതെങ്ങനെ സഹായം ആകുമെന്നാണ് അസോസിയേഷന്റെ ചോദ്യം.