വയറ് വേദന ആസഹനീയം, യൂട്യൂബ് നോക്കി സ്വയം ശസ്ത്രക്രിയ നടത്തിയ യുവാവ് ആശുപത്രിയിൽ

വയറ് വേദന അസഹനീയമായപ്പോൾ യൂട്യൂബ് നോക്കി സ്വന്തം വയറ്റിൽ ശസ്ത്രക്രിയ ചെയ്ത് യുവാവ്. ഉത്തർപ്രദേശിലെ സുൻരാഖ് ഗ്രാമവാസിയായ 32 -കാരനായ രാജാ ബാബു ആണ് സ്വന്തം വയറ്റിൽ ശസ്ത്രക്രിയ നടത്തി ആശുപത്രിയിലായത്. സുൻരാഖിന്റെ വയറിന് 11 തുന്നലുകളുണ്ട്. നിരവധി ആഴ്ചകളായി വയറ് വേദന കൊണ്ട് കഷ്ടപ്പെടുകയായിരുന്നു രാജാ ബാബു. നിരവധി തവണ ഡോക്ടറെ പോയി കണ്ടു. ആഴ്ചകളോളം മരുന്ന് കഴിച്ചു. പക്ഷേ, വേദനയ്ക്ക് മാത്രം ശമനമുണ്ടായില്ല. ഇതിനെ തുടർന്നാണ് രാജാ ബാബു സ്വയം ചികിത്സയ്ക്ക് തയ്യാറായതെന്ന് റിപ്പോർട്ടുകൾ പറയുന്നു.

18 വർഷം മുമ്പ് രാജാ ബാബുവിന് അപ്പെൻഡിക്സിൻറെ ഒരു ശസ്ത്രക്രിയ ചെയ്തിരുന്നു. രാജാ ബാബുവിൻറെ നിലവിളി കേട്ടെത്തിയ ബന്ധുക്കളാണ് അദ്ദേഹത്തെ ജില്ലാ ജോയിൻറെ ഹോസ്പിറ്റലിൽ എത്തിച്ചത്. അവിടെ നിന്നും പ്രാഥമിക ചികിത്സ നൽകിയ ശേഷം അദ്ദേഹത്തിൻറെ ഗുരുതരാവസ്ഥ കണക്കിലെടുത്ത് ആഗ്ര എസ്എൻ ആശുപത്രിയിലേക്ക് ഡോക്ടർമാർ റഫർ ചെയ്തു. നിരവധി ഡോക്ടർമാരെ കണ്ടെങ്കിലും രോഗനിർണ്ണയം നടത്താൻ കഴിയാതിരുന്നതും വേദന മാറാതിരുന്നതും അമ്മാവനെ ഏറെ തളർത്തിയിരുന്നതായി രാജാ ബാബുവിൻറെ മരുമകൻ പറഞ്ഞു. വേദന സഹിക്കാൻ പറ്റാതായപ്പോൾ രാജാ ബാബു വയറ്റിൽ ശസ്ത്രക്രിയ ചെയ്യുന്നതെങ്ങനെ എന്ന് യൂട്യൂബിൽ തിരഞ്ഞു. അതിന് ശേഷം അദ്ദേഹം മെഡിക്കൽ സ്റ്റോറിലെത്തി ശസ്ത്രക്രിയയ്ക്ക് ആവശ്യമായ ഉപകരണങ്ങൾ വാങ്ങി. സർജിക്കൽ ബ്ലേഡും അനസ്തീഷ്യയ്ക്കുള്ള മരുന്നും സൂചികളും തുന്നാന്നുള്ള നൂലുകളും വാങ്ങി. കഴിഞ്ഞ ബുധനാഴ്ചയാണ് രാജാ ബാബു ശസ്ത്രക്രിയയ്ക്കായി തെരഞ്ഞെടുത്ത ദിവസം. ആദ്യം സ്വയം മരവിപ്പിനുള്ള ഇൻഷക്ഷൻ എടുത്തിരുന്നതിനാൽ രാജാ ബാബുവിന് വേദന തോന്നിയില്ല. പിന്നാലെ സർജിക്കൽ ബ്ലേഡ് ഉപയോഗിച്ച് വയറ് കീറിയ അദ്ദേഹം പിന്നീട് അത് തുന്നിക്കൂട്ടി. അനസ്തേഷ്യയുടെ വീര്യം കുറഞ്ഞതോടെ രാജാ ബാബുവിന് വേദന സഹിക്കാൻ കഴിയാതെയായി. ഇതോടെയാണ് വീട്ടൂകാർ അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചതെന്ന് റിപ്പോർട്ടുകൾ പറയുന്നു.