കൊല്ലം: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം. കൊല്ലം കടയ്ക്കൽ സ്വദേശിയായ അറുപത്തിരണ്ടുകാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവർ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുകയാണ്. കഴിഞ്ഞദിവസം പാലക്കാട് കൊടുമ്പ് സ്വദേശിയായ അറുപത്തിരണ്ടുകാരനും രോഗം സ്ഥിരീകരിച്ചിരുന്നു.

ഇക്കഴിഞ്ഞയാഴ്ച തിരുവനന്തപുരത്തും രണ്ടാൾക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ആറ്റിങ്ങൽ കൊടുമൺ സ്വദേശിയായ 57-കാരനും ഇടവ വെൺകുളം മരക്കടമുക്ക് സ്വദേശിയായ 34 വയസ്സുള്ള യുവതിക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇരുവരും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

























