സ്വകാര്യഭാഗത്ത് മെഹന്തിയിട്ട് തരണമെന്ന് പ്രാങ്ക് വിവാദം; ക്ഷമ ചോദിച്ച് അഞ്ജലി, ഒരുപാട് ആളുകളെ സഹായിക്കാറുണ്ടെന്ന് വിശദീകരണം

അവതാരകയും റേഡിയോ ജോക്കിയുമായ ആർ ജെ അഞ്ജലിയും സുഹൃത്ത് നിരഞ്ജനയും കൂടി ചെയ്‌ത പ്രാങ്ക് കോൾ വിവാദമായതിന് പിന്നാലെ ക്ഷമാപണം നടത്തി ആർ ജെ അഞ്ജലി രംഗത്തെത്തിയിരുന്നു. ഇനി ഒരിക്കലും തന്റെ ഭാഗത്ത് നിന്നും ഇത്തരത്തിൽ ഒരു തെറ്റ് ആവർത്തിക്കില്ലെന്നും അഞ്ജലി പറഞ്ഞിരുന്നു. ഒരു വ്യക്‌തിയുടെ തൊഴിലിനെ അധിക്ഷേപിക്കണമെന്നോ അങ്ങനെ ഇൻസൾട്ട് ചെയ്യണമെന്നോ തങ്ങൾ ഒരു രീതിയിലും വിചാരിച്ചിട്ടില്ലെന്നും അഞ്ജലി സാമൂഹ്യ മാധ്യമത്തിൽ പങ്കുവച്ച വീഡിയോയിൽ പറഞ്ഞിരുന്നു.

എന്നാൽ ഇതിന് പിന്നാലെ വീണ്ടും ആർ ജെ അഞ്ജലിയെ വിമർശിച്ച് നിരവധി പേര് രംഗത്തെത്തി. നിരവധി ആരോപണങ്ങൾ അഞ്ജലിക്കെതിരെ ഉയർന്നിരുന്നു. തന്റെ ജോലി പോയെന്നു പറഞ്ഞ് കമൻ്റ് ഇടുന്നവരോട് വിശദീകരണവുമായാണ് അഞ്ജലി എത്തിയത്. താൻ കഴിഞ്ഞ മാർച്ചിൽ തന്നെ ജോലി ചെയ്‌തിരുന്ന സ്‌ഥാപനത്തിൽ നിന്ന് രാജിവച്ചിരുന്നുവെന്നും തന്റെ പേജിലൂടെ ഒരുപാട് ആളുകളെ സഹായിക്കാറുണ്ടെന്നും ആർജെ അഞ്ജലി വിശദീകരണ വിഡിയോയിൽ പറഞ്ഞു. താൻ ഒരുപാട് ആളുകളെ സഹായിച്ചിട്ടുണ്ടെന്നും വീട് വച്ച് നൽകിയിട്ടുണ്ടെന്നും അഞ്ജലി പറയുന്നുണ്ട്.

ബ്യൂട്ടിപാർലർ നടത്തുന്ന സ്ത്രീയെ വിളിച്ച് മെഹന്തി ഇടുന്നതുമായി ബന്ധപ്പെട്ട അനാവശ്യമായ രീതിയിൽ സംസാരം നടത്തുന്ന അഞ്ജലിയുടെ വിഡിയോയാണ് വിമർശനങ്ങൾക്ക് ആധാരം. സ്വകാര്യ ഭാഗത്ത് മെഹന്തി ഇടണം എത്രയാണ് റേറ്റ് എന്നാണ് ചോദിക്കുന്നത്. സംഭവം വിവാദമായതിന് പിന്നാലെ ആർജെ അഞ്ജലി ക്ഷമ ചോദിച്ച് വിഡിയോ പോസ്റ്റ് ചെയ്തു.

‘ഞാൻ അങ്ങനെ ഉദ്ദേശിച്ചിരുന്നില്ല, ഇങ്ങനെ ഉദ്ദേശിച്ചിരുന്നില്ല എന്ന് പറയുന്നതിൽ ഇനി അർത്ഥമില്ല. ആ വാക്ക് പൊതുസമൂഹത്തെ മുറിവേൽപ്പിച്ചു എന്ന് മനസിലാക്കുന്നത് കൊണ്ട് തന്നെ എല്ലാവരോടും ക്ഷമ ചോദിക്കുന്നു. മീശമാധവൻ എന്ന ചിത്രത്തിലെ വിഷുക്കണിയുമായി ബന്ധപ്പെട്ട വിഷ്വൽസിനെ കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് ആ പ്രാങ്ക് വീഡിയോ ചെയ്യുന്നത്, വീഡിയോ പബ്ലിഷ് ചെയ്ത് കുറച്ചു മണിക്കൂറുകൾക്കുള്ളിൽ ഞങ്ങൾ വിചാരിച്ചത് ആ വാക്കിനോടുള്ള പ്രതിഷേധം ആയിരിക്കും നിങ്ങൾ രേഖപ്പെടുത്തുന്നത് എന്നാണ്. എന്നാൽ ഒരു വ്യക്തിയുടെ തൊഴിലിനെ അധിക്ഷേപിക്കണമെന്നോ അങ്ങനെ ഇൻസൾട്ട് ചെയ്യണമെന്നോ ഞങ്ങൾ ഒരു രീതിയിലും വിചാരിച്ചിട്ടില്ല. ഗൂഗിൾ ഫോം വഴി രജിസ്റ്റർ ചെയ്തവരിൽ നിന്നും മാത്രമാണ് പ്രാങ്ക് കോൾ വിളിക്കേണ്ട ആളുകളെ സെലക്ട് ചെയ്യുന്നത്. വിളിക്കുന്ന ആളുടെ പേരോ ഐഡന്റിറ്റിയോ ഒരിക്കലും വെളിപ്പെടുത്താറില്ല, ഇവിടെ യാതൊരു ന്യായീകരണങ്ങൾക്കും പ്രസക്തിയില്ല എന്ന് തിരിച്ചറിഞ്ഞു കൊണ്ടുതന്നെ തെറ്റുകൾ എന്റെ ഭാഗത്ത് നിന്ന് ഇനി മേൽ വരാതിരിക്കാൻ പൂർണമായ പരിശ്രമം എന്റെ ഭാഗത്ത് നിന്നും ഉണ്ടാകും എന്ന് ഉറപ്പു നൽകുകയാണ് ’ അഞ്ജലി പറഞ്ഞു.